
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ് സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”
സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട് മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.
ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ നീയാണ് തുണ.
സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം. ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.
അപ്പോഴാണ് മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത് കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത് കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട് പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു