2010 ഡിസംബർ 19, ഞായറാഴ്‌ച

ഇരുട്ട് നിറഞ്ഞ മുറി

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പുറത്ത് നിന്നും അരിച്ച് വരുന്ന വെളിച്ചം. വെളിച്ചത്തില്‍ വാടിയ മുഖവുമായ് സുന്ദരിയായൊരു സ്ത്രീ ഇരിക്കുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു പൈതല്‍ അവളുടെ മടിയില്‍ ഒന്നുമറിയാതെ മയങ്ങി കിടക്കുന്നു.
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ്‌ സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”

സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട്‌ മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ  എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.

ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ  നീയാണ് തുണ.

സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി  മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം.  ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.

അപ്പോഴാണ്‌ മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത്‌ കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്‌”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

സുറുമി അകത്ത്‌ നിന്ന് ഒരു പാത്രമെടുത്ത് കുക്കുവിന് നീട്ടി.
അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത്‌ കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്‌....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട്  പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു

2010 ഡിസംബർ 11, ശനിയാഴ്‌ച

മരുഭൂമിയിലൂടെ

സുറുമിയും സിനുജയും പരിചാരികയും കുക്കുവിനെ കാണാന്‍ പുറപ്പെട്ടത് മുതല്‍, കഷ്ട്ടതകളുടെ മുള്‍മുനകള്‍ താണ്ടിയ ഓരോ നിമിഷങ്ങളും, വഴിയില്‍ നഷ്ട്ടമായ സുറുമി യുടേയും കഥകള്‍ കേട്ട ഹംസത്തിനും ഭാര്യക്കും കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട സുറുമി പറഞ്ഞു.
"പ്രിയ സഹോദരീ.. നിങ്ങള്‍ പറഞ്ഞ ആ രണ്ടു സ്ത്രീകള്‍ എന്റെ സിനുജയും പരിചാരികയും ആയിരിക്കാന്‍ വഴിയുണ്ട്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് വല്ല നിശ്ചയവും ഉണ്ടോ"
“ഇല്ല. ഇവിടുന്ന് ഇറങ്ങുമ്പോള്‍ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. പക്ഷേ അവര്‍ സുറുമിയില്ലാതെ തിരിച്ചു പോകില്ല എന്നുറപ്പാണ്. പിന്നെ ഇവിടെ വന്നവര്‍ അവര്‍ തന്നെയാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഉണ്ട്. അവര്‍ ഉമ്മയുടെ കൈകളില്‍ അണിഞ്ഞ ഒരു മോതിരം. അത് നോക്കി തിരിച്ചറിയുമെങ്കില്‍ ന്നന്നായേനേ.."
ഇത് കേട്ടതും സുറുമി അകത്തേക്ക് പോയി. ഉമ്മയുടെ കൈകളില്‍ കിടന്ന മോതിരം പരതി. ഇത് കണ്ട ഉമ്മ പറഞ്ഞു
“മോളെ സുറുമീ... അതെന്റെ വിരലില്‍ അല്ല. എന്റെ തലയിണയുടെ അടിയില്‍ ഉണ്ട്".
സുറുമി തലയിണക്കടിയില്‍ നിന്നും മോതിരം കണ്ടെടുത്തു. അവളുടെ കണ്ണുകളില്‍ പ്രകാശം പരന്നു. അവള്‍ അതുമായി കുക്കുവിന്റെ അരികിലേക്ക് ചെന്ന്  അത്ഭുതത്തോടെ പറഞ്ഞു
“കുക്കൂ... അതെ, ഇത് സിനുജയുടെ മോതിരം തന്നെയാ... ഇതൊരിക്കല്‍ എന്റെ മാതാവ് സിനുജക്ക് സമ്മാനിച്ചതാ. പാവം അവള്‍. അവര്‍ ഇവിടെ നിന്നും ഒരുപാട് ദൂരം അകലാനുള്ള സാധ്യത വളരെ കുറവാണ്. കുക്കൂ... നമുക്ക് വേഗം പുറപ്പെടാം.."
അവള്‍ മോതിരം ഹംസത്തിന്റെ ഭാര്യയെ തിരികെ ഏല്പിച്ചു. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു.

കുക്കുവിന് പിന്നാലെ നടക്കുമ്പോള്‍ സുറുമിയുടെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. സിനുജയുടേയും പരിചാരികയുടേയും ഓര്‍മകളില്‍ വേദനക്ക് അല്‍പം ആശ്വാസം തോന്നി. അവര്‍ രണ്ടു പേരും കുതിരപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. എങ്ങോട്ടെന്നില്ലാതെ..
യാത്രയില്‍ മുഴുവന്‍ സുറുമിയുടെ കണ്ണുകള്‍ പലയിടത്തേക്കും പരതികൊണ്ടിരുന്നു. വിജനതയുടെ ആഘാതതയില്‍ മനമലിഞ്ഞ് അവള്‍ ഇലാഹിനോട് പ്രാര്‍ഥിച്ചു. കുതിരക്കുളമ്പടികള്‍ മരുഭുമിയെ പിന്നിലേക്ക്‌ നീക്കി കൊണ്ടിരുന്നു.
വളരെ വളരെ ദുരം പിന്നോട്ടാക്കി അവരുടെ യാത്ര നീങ്ങി. വെയിലിന്റെ ശക്തമായ കാഠിന്യം യാത്രയില്‍ സുറുമിയെ തളര്‍ത്തി.
“കുക്കൂ... ഇവിടെയെങ്ങും ഒരു മനുഷ്യനേയും കാണുന്നില്ല. വല്ല വീടുകളും കണ്ടിരുന്നെങ്കില്‍.....
അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..... കുക്കൂ..."
“ഉം... നീ സമാധാനിക്ക്. വഴിയുണ്ട്".
“എന്തു ചെയ്യുമെന്നാ കുക്കൂ.."
“ഉം... നീ സമാധാനിക്കൂ... അല്‍പം ദൂരെ ഒരു വീടുണ്ട്. അവിടെ ഒരു പാവം സ്ത്രീയും. വഴിയോരത്തുള്ള വീടായതിനാല്‍ സിനുജയും മറ്റും അവിടെ താങ്ങാനും കുടുതല്‍ സാധ്യതയുണ്ട്". .
“അങ്ങിനെയെങ്കില്‍ നമ്മുടെ മടക്ക യാത്ര സന്തോഷം നിറഞ്ഞതാകും അല്ലെ കുക്കൂ..."
“ഉം... ദൈവാനുഗ്രഹം ഉണ്ടല്ലോ നമ്മുടെ കൂടെ. ഇത്രയും ദുര്‍ഘടമായ പ്രതി  സന്ധികള്‍ നേരിട്ട നിനക്ക് ഞാന്‍ അതൊന്നും ഓര്‍മ പ്പെടുത്തേണ്ട ആവശ്യം ഇല്ല".

വെയിലിന്റെ ശക്തില്‍ മണല്‍ തരികള്‍ പാറുന്നു. എങ്ങോക്കെയോ എത്താന്‍ പറന്ന് പോകുന്ന മരുപക്ഷികള്‍. കുക്കുവിന്റെ കുതിര കുതിച്ച് കൊണ്ടിരുന്നു. സുറുമിയുടെ തളര്‍ന്ന കണ്ണുകള്‍ കുക്കുവിന്റെ വെയില്‍ തട്ടി ചുവന്ന കവിള്‍ തടങ്ങളില്‍ പതിഞ്ഞു. അനുരാഗത്തിന്റെ തിരയടികള്‍ അവളുടെ മാര്‍ദവമുള്ള കൈകള്‍ അവന്റെ മാറിനെ പുണര്‍ന്നു.
ഇത് കണ്ടതും കുക്കു പറഞ്ഞു
“സുറുമീ.... നീ കുതിരപ്പുരത്താണ് ഇരിക്കുന്നത്. ഓര്‍മ വേണം. ഞാന്‍ നിന്റേത് മാത്രമാണ് നീ എന്തിനു ദൃതിവെക്കുന്നു പ്രിയേ..”
ഇതൊന്നും കേള്‍ക്കാതെ അവള്‍ കുക്കുവിന്റെ കൈകള്‍ക്കിക്കിടയിലുടെ അവനെ വരിഞ്ഞു.

കുക്കു പതിയെ കുതിരയുടെ കടിഞ്ഞാന്‍ ഇട്ടു.
“ഇറങ്ങ് സുറുമീ..”
“ഇല്ല ഞാന്‍ നിന്നെ ഒരുനിമിഷം പുല്‍കട്ടെ. എന്നിട്ട് മതി നമ്മുടെ തുടര്‍ന്നുള്ള യാത്ര. മോഹങ്ങള്‍ എന്നെ വിട്ടകലുന്നില്ല കുക്കൂ.. നീ എന്റെ കവിളുകളില്‍ നോക്കൂ.. അനുരാഗത്തിന്റെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നില്ലേ...”
വികാരമായ സുറുമിയുടെ കണ്ണുകളിലേക്കു നോക്കിയാ കുക്കുവിനു പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല അവന്‍ തന്റെ മാറില്‍ അടക്കി പിടിച്ച് അവളോട്‌ പറഞ്ഞു.
“പ്രിയേ.. ഞാനിതാ നിന്നിലേക്ക്‌ ലയിക്കുന്നു. നിന്റെ കണ്ണുകളില്‍ കാണുന്ന പ്രകാശം എന്നെ ഉന്മാദനാക്കുന്നു. നീ എന്നിലേക്ക്‌ അടുത്താലും”.
കുങ്കുമച്ചാറ് കലര്‍ന്ന കുക്കുവിന്റെ അധരങ്ങള്‍ സുറുമിയുടെ കവിളുകളില്‍ പതിച്ചു .    

സുറുമിയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഇത് കണ്ടതും കുക്കു വിളിച്ചു
“സുറുമീ... നമുക്ക് വേഗം അങ്ങെത്തണം”
“ഇല്ല കുക്കൂ... എനിക്കിനി ഒരടി പോലും നടക്കാന്‍ വയ്യ”.
എന്ത് ചെയ്യുമെന്നറിയാതെ ചുറ്റും നോക്കുന്ന കുക്കുവിനെ കണ്ട സുറുമി പുഞ്ചിരിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട കുക്കൂ.. ഞാന്‍ നടക്കാന്‍ ശ്രമിക്കാം”
കാലുകളുടെ വേദന വകവെക്കാതെ സുറുമി നടക്കുന്നത് കണ്ട കുക്കു അവളെ വാരിയെടുത്ത് ചുമലില്‍ കിടത്തി ദൃതിയില്‍ നടന്നു.
അല്‍പം കഴിഞ്ഞ് ഈന്തപ്പനയുടെ ഓലകൊണ്ട് മേഞ്ഞ ഒരു കുഞ്ഞ് കൂരയുടെ മുന്നിലെത്തി. കുക്കു നീട്ടി വിളിച്ചു. “ഹേയ്‌.... ആരുമില്ലേ ഇവിടെ.. ഞങ്ങള്‍ അല്‍പം ദൂരെ നിന്നും വരുന്നവരാ. അല്‍പ സമയം ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കാമോ...”
അകത്ത്‌ നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല. കുക്കു പതിയെ സുറുമിയെ താഴെ നിര്‍ത്തി പറഞ്ഞു.
“നീ അകത്ത് കയറി നോക്കൂ. ഇവിടെ മുമ്പൊരിക്കല്‍  ഞാന്‍ യാത്രാ വഴിയില്‍ കയറിയിട്ടുണ്ട്. ഒരു വയസ്സായ ഉമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്തായാലും നീ അകത്തേക്ക് കയറി നോക്കൂ..”
ഇതുകേട്ട സുറുമി ഭയത്തോടെയാണെങ്കിലും ഈന്ത പ്പനയോല മേഞ്ഞ ആ വീടിന്റെ അകത്തേക്ക് കടന്നു. മങ്ങിയ ഇരുട്ട് നിറഞ്ഞ വീടിന്റെ അകത്തളം ചുറ്റും കണ്ണോടിച്ചു.
“ആരും ഇല്ലേ ഇവിടെ.. ഹേയ്‌ വീട്ടുകാരേ ഒന്ന് വന്നാലും..”
ഇതൊന്നും കേട്ടിട്ടും ആളനക്കമില്ലെന്ന് കണ്ട സുറുമി അടഞ്ഞ് കിടന്ന മുറിയുടെ വാതില്‍ തള്ളി ത്തുറന്നു.
അടഞ്ഞ് കിടന്നിരുന്ന ഒരു മുറിയിലെ കാഴ്ച കണ്ട് സുറുമി അത്ഭുതത്തോടെ നോക്കി....

തുടരും...

2010 ഡിസംബർ 5, ഞായറാഴ്‌ച

സൈനുല്‍ ഹംസത്തിന്റെ വീട്ടിലേക്ക്

അനുരാഗം മോഹങ്ങളെ കീഴടക്കുന്നു കുക്കൂ. മഴ നനഞ്ഞൊരു കുഞ്ഞു പൂവിനെ പോല്‍ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍...!
പരന്ന് കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകളാകും. മോഹങ്ങളുടെ മണി ചെപ്പുകളിന്ന് വാതായനങ്ങളടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. ഞാന്‍ നിന്നില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ സുഗന്ധം വീശുന്നതറിയുന്നു. നീ എന്നെ അനന്തമായതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ...

ഒരുനിമിഷം സുറുമിയുടെ ചിന്തകള്‍ ചിറകുകള്‍ വീശി അമ്പരത്തില്‍ പറന്നകന്നു. അനുരാഗത്തിന്റെ ലഹരിയില്‍ മനസ്സ് കീഴടങ്ങുമ്പോഴും സുറുമിയുടെ കണ്ണുകളില്‍ സിനുജയുടെ മുഖം തെളിഞ്ഞു. രാവിലും പകലിലും കുട്ടിരുന്ന കുട്ടുകാരികള്‍. സുറുമിയുടെ നിശബ്ദമായ സങ്കടങ്ങള്‍ എന്നും സിനുജയുടെ സൊകാര്യ സങ്കേതങ്ങളായിരുന്നു. “പ്രിയപ്പെട്ട സിനുജാ...
നീ ഇന്നെവിടെയാണ്... അനന്തമായി ഒഴുകുന്ന നിന്റെ പുഞ്ചിരികള്‍ എന്റെ മനസ്സിനെ മുള്‍ കിരീടം അണിയിക്കുന്നു”.
യാത്രയുടെ മധ്യത്തിലും സുറുമി അശാന്തതയാണ്. അവള്‍ വാതോരാതെ സിനുജയെ കുറിച്ചും പരിചാരികയെ കുറിച്ചും പറഞ്ഞു തുടങ്ങി.
“ലക്ഷ്യമില്ലാത്ത ഈ യാത്ര എങ്ങോട്ടാണ് കുക്കൂ... ആദ്യം നമ്മള്‍ മാതാവിനെ കാണുന്നതാവും നല്ലത്”.
“ഉം.....”
സുറുമിയുടെ ദയനീയമായ ചോദ്യം കേട്ട് കുക്കുവിന്റെ മനസ്സ് തളര്‍ന്നു. അവന്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. പതിയെ നടന്നു വരുന്ന ഒരു കച്ചവടകാരി. അവളോട്‌ വഴിയെ കുറിച്ചും മറ്റുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ടു.
“വല്ലാതെ തളരുന്നു കുക്കൂ..... നമുക്ക് എവിടെയെങ്കിലും ഒന്ന് വിശ്രമിക്കാം..”
“അല്‍പം കഴിയട്ടെ. വല്ല തണല്‍ വൃക്ഷങ്ങളും കാണുമോ എന്ന് നോക്കട്ടെ”
പറഞ്ഞ് തീര്‍ന്നില്ല. ഒരു കൂട്ടം ഒലിവ് മരം അതിന് സമീപത്തായി ഒരു കൊച്ചു വീടും. ഈന്തപനകള്‍ കൊണ്ട് പണിത സുന്ദരമായ വീട്. കണ്ണിന്‍ അതീവ സന്തോഷം. ആള്‍പാര്‍പ്പുള്ള സ്ഥലം. ഇവിടെ ഇറങ്ങി വിശ്രമികാം.
“ഇവിടെ ആരെയെങ്കിലും കാണും. വാ...”

സുറുമിയുടെ കൈകളില്‍ പിടിച്ച് കുതിരപ്പുറത്ത് നിന്ന് കുക്കു താഴെ ഇറക്കി. കുതിരയെ ഒലിവ് മരത്തില്‍ തളച്ചു. അവര്‍ മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ അഭിമുഖമായി നടന്ന് വരുന്നു. പുതിയ രൂപ വേഷ വിധാനങ്ങള്‍. മുഖം കണ്ടിട്ട് പരിചയം പോലെ തോന്നുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അയാളും അറിയാമെന്നപോലെ ഇമവെട്ടാതെ നോക്കുന്നുണ്ട്.
“വാ നടക്കാം”
സുറുമി കുക്കുവിന്റെ കൈകളില്‍ പിടിച്ച് മുനോട്ട് നടന്നു. അയാള്‍ അടുത്തെത്തിയ ഉടനെ കുക്കു ചോദിച്ചു.
“ഹേയ്‌ കുട്ടുകാരാ.. ഇവിടെ ആള്‍ താമസം ഉണ്ടോ..?”
“ഉണ്ടല്ലോ അതെന്റെ വീടാണ്. അങ്ങോട്ട്‌ നടക്കാം. അതിന്‍ മുമ്പ് നിങ്ങള്‍ എവിടുന്നു വരുന്നു. ഞാന്‍ മുമ്പെങ്ങോ കണ്ട നല്ല പരിചയം തോന്നുന്നു”
തുടര്‍ന്ന് അയാള്‍ പറഞ്ഞു
“ഞാന്‍ സൈനുല്‍ ഹംസത്ത്. പ്രായമായ ഉമ്മയും ഭാര്യയും കുട്ടികളും ഉണ്ട്. ഇവിടെ പുരുഷനായി ഞാന്‍ മാത്രമേ ഉള്ളൂ. കുട്ടുകാരാ അങ്ങ് പ്രിയതമയെ അകത്തേക്ക് പറഞ്ഞു വിടൂ. ഭയം വേണ്ട..”
നിഷ്കളങ്കമായ മനുഷ്യന്‍ .അവരെ വീടിനുള്ളിലാക്കി ശേഷം കുക്കുവിനോട് പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ അല്പം കഴിഞ്ഞ് വരാം. അല്പം അകലെയാണ് ജോലിസ്ഥലം. ആമീറിനോട് മുഖം കാണിച്ച് തിരിച്ചു വരാം. ഹുക്കയുടെ (ഷീഷ) കച്ചവടം ആയതിനാല്‍ ആളുകള്‍ ഏതുനേരവും ഉണ്ടാവും. നിങ്ങള്‍ വിശ്രമിക്കൂ ഞാന്‍ ഉടനെ എത്തും”
ആ സ്നേഹിതന്‍ നടന്നകന്നു .

വീടിനുള്ളില്‍ കയറിയ സുറുമിയെ കുഞ്ഞുങ്ങള്‍ക്കും അദേഹത്തിന്റെ പ്രായമായ ഉമ്മാക്കും നല്ലോണം ബോധിച്ചു. വീട്ടുകാരി ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. സന്തോഷകരമായ ചെറിയ കുടുബം. അവിടുത്തെ കുട്ടികളുമായി സമയം നീങ്ങി. കുട്ടുകാരന്‍ ഹംസത്ത് തിരിച്ചെത്തി. കയ്യില്‍ വലിയൊരു പൊതിയും ഉണ്ട്. ഉപ്പ വരുന്നത് കണ്ട് കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പാഞ്ഞെത്തി. ഇതുകണ്ട കുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൊട്ടാരത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത നിഷ്കളങ്കമായ ജീവിതം. അദ്ദേഹം കുക്കുവിനെ വിളിച്ച് പുറത്തെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് സംസാരിച്ച് തുടങ്ങി.
“എന്റെ അമീര്‍ നല്ലവനാണ്. അതുകൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ പോകുന്നു. പിന്നെ ഇന്നലെ വരെ ഇവിടെ മറ്റ് രണ്ടു വഴിയാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളായിരുന്നു. എവിടെ നിന്നോ ആരെയോ തിരഞ്ഞു വന്നതാ അവര്‍. അവരുടെ സ്നേഹ നിധിയായ കുമാരി യാത്രകിടയില്‍ നഷ്ട്ടമായെന്ന് പറഞ്ഞു. വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിനം ഇവിടെ തങ്ങി അവര്‍ യാത്ര പറഞ്ഞു”
ഹംസത്ത് പറഞ്ഞു തീരും മുമ്പേ കുക്കു സുറുമിയെ വിളിച്ചു.
“സുറുമീ എന്റെ പ്രിയേ.. ”
“ദാ വരുന്നു”
അകത്ത് നിന്നും സുറുമിയുടെ പതിഞ്ഞ സ്വരം പുറത്തു വന്നു.
അകത്തേക്ക് കടക്കുന്ന വിരിയിട്ട വാതിലിന്റെ അടുത്ത് നിന്നും കുക്കു സുറുമിയോടു സംസാരിച്ചു.
“അവര്‍ ഇന്നലെയാണ്ഇവിടം വിട്ടത്. ഹംസത്ത് പറയുന്നത് കേട്ടപോള്‍ എനിക്കും അവര്‍ തന്നെയാകും എന്നൊരു തോന്നല്‍”
സുറുമി വീടിന് പുറത്തിറങ്ങി.
“കുക്കൂ.... നമുക്ക് വേഗം യാത്രയാകണം. എനിക്കവരെ കണ്ടെത്തണം. എന്റെ ഹൃദയം പൊട്ടുന്നു. അവര്‍ എന്നെ കാണാതെ എത്ര വേദനിക്കുന്നുണ്ടാകും”
ഇത് കേട്ട ഹംസത്തിന്റെ ഭാര്യ ചോദിച്ചു
“എന്താണ് നിങ്ങള്‍ ഭയക്കുന്നത്”
“പറഞ്ഞാലും”
ഹംസത്തില്‍ നിന്നും അതേ ചോദ്യം ഉയര്‍ന്നു.
കുക്കുവും സുറുമിയും മുഖത്തോട് മുഖംനോക്കി.
കക്കു പറഞ്ഞു
“കുട്ടുകാരാ... ഞാന്‍ പറയാം“
കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു.

തുടരും....

2010 നവംബർ 29, തിങ്കളാഴ്‌ച

നിലാവില്‍ നിന്നേയും തേടി....

ഇംതിയാസ് പുറത്ത് കടന്നതറിഞ്ഞ സുറുമി പതിയെ കണ്ണുകള്‍ തുറന്ന് അരികെ നില്‍ക്കുന്ന പരിചാരികയോട് ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു. “എല്ലാവരും പോയി കുമാരീ ഇനി പറഞ്ഞോളു”
സുറുമിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു “ഇലാഹീ..... ഇന്നത്തെ രാത്രിയും കഴിഞ്ഞു. നീയാണ് എന്റെ രക്ഷ....”
ഇതുകേട്ട പരിചാരിക വീണ്ടും ചോദിച്ചു “കുമാരീ അങ്ങേക്ക്‌ എവിടെയാണ് പോകേണ്ടത്.? പറഞ്ഞോളു ഞാന്‍ അതിനുള്ള വഴികള്‍ ഒരുക്കാം” ഇതുകേട്ട സുറുമി പരിചാരികയോട് പതുക്കെ പറയു എന്ന് ആഗ്യം കാണിച്ചു.

സുറുമി പതുക്കെ എഴുന്നേറ്റിരുന്നു. എന്റെ രോഗ ശമനത്തിന് വൈദ്യന്‍ പറഞ്ഞ മരുന്നുകള്‍ പറിക്കാനായി ആളുകള്‍ പോയിട്ടുണ്ട് . അവര്‍ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.....!! “കുമാരി കിടന്നൊളൂ അവര്‍ മരുന്നുകള്‍ തന്നു പോയ ശേഷം സംസാരിക്കാം” പറഞ്ഞ് തീര്‍ന്നില്ല. ഒരു ഭൃത്യന്‍ കയ്‌കള്‍ നിറയെ എന്തോ മരുന്നുമായി എത്തി. പുറത്തുനിന്നും വിളിച്ച്, വാതില്‍ക്കല്‍ എത്തിയ പരിചാരികയെ ഏല്പിച്ച് അയാള്‍ പോയി. സുറുമി ചിന്തയുടെ മേഘങ്ങള്‍ വകഞ്ഞു മാറ്റി പരിചാരികയെ അടുത്ത് വിളിച്ചു. “നീ എങ്ങനെ പട്ടണത്തില്‍ പോകും ഇവിടം വിടാന്‍ നിന്നെ ഇംതിയാസ് സമ്മതിക്കുമോ”
“അതിന് വഴിയുണ്ട് കുമാരീ”
എന്റെ പിതാവ് ഒരു ചെറിയ കച്ചവടകാരനാണ്. മധുര പലഹാരങ്ങള്‍ വില്പന നടത്തിയാണ് പിതാവ് ഞങ്ങളുടെ കുടുംബം നോക്കുന്നത്. പിന്നെ എന്റെ ഈ ജോലിയും. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ കുമാരിയുടെ പ്രിയപെട്ടവനെ കണ്ടെത്താന്‍ കഴിയും. സുറുമിയുടെ ശരീരം കുളിരണിഞ്ഞപോലെ, അവള്‍ പതിയെ ശരീരം പുതപ്പിട്ടു മുടി. പരിചാരിക വീണ്ടും വിളിച്ചു
“കുമാരീ വേഗം പറഞ്ഞോളു ആ പ്രനേശ്വരന്റെ നാമം”.
ചുവന്നു തുടുത്ത സുറുമിയുടെ ചുണ്ടുകളില്‍ തന്റെ കുക്കുവിന്റെ നാമം അനുരാഗത്തിന്റെ പൂമ്പോടികള്‍ പോലെ കൊഴിഞ്ഞു വീണു. മനസ്സും ശരീരവും ആവേശഭരിതമാവുന്നു. അവള്‍ പരിചാരികയെ വിളിച്ച് തന്റെ പ്രിയന്റെ നാമവും സ്ഥലവും എല്ലാം കുറിച്ച് ഒരു പേപ്പര്‍ അവള്‍ക്കു നീട്ടി. കയ്യില്‍ പേപ്പര്‍ കിട്ടിയതും പരിചാരിക ഉടുപ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചു. ശേഷം ഞാന്‍ ഉടനെ വരാം എന്നും പറഞ്ഞു പരിചാരിക പുറത്തിറങ്ങി. പിതാവിനെ കാണാന്‍ എന്ന് പറഞ്ഞ് രാത്രിയും പകലും അവള്‍ പുറത്തിറങ്ങാറുള്ളത് കാരണം ആര്‍ക്കും സംശയം വന്നില്ല. കൂടെ ഒരു ഭൃത്യനും ഉണ്ടായിരുന്നു. അവള്‍ ദൃതിയില്‍ നടന്നു. കൊട്ടാരത്തിന് അധികം ദുരമില്ലാത്ത തന്റെ കുടിലില്‍ എത്തുമ്പോള്‍ ഓടിയെത്തിയ അനിയത്തിയെ കെട്ടിപിടിച്ച് പറഞ്ഞു
“വെക്കം വാ.... പിതാവ് എവിടെ പോയി?”
പുറത്ത് നില്‍ക്കുന്ന കാവല്‍ ഭടനോടു ഇരിക്കാന്‍ ചുണ്ടി കാണിച്ച് അവള്‍ അകത്ത്‌ കടന്നു. പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
“പുലരും മുമ്പ് അങ്ങ് കുമാരനെയും കുട്ടി കൊട്ടാരത്തിന്റെ പിന്‍വാതിലില്‍ എത്തണം. ഞാന്‍ അവിടെ ഉണ്ടാകും. ബാക്കി എല്ലാം ഇലാഹിന്റെ കൈകളില്‍”
അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുകള്‍ നനയുന്ന അനിയത്തിയെ നോക്കി
“ഇല്ല നിന്നെ രക്ഷിക്കാനാ ഇതെല്ലാം. നിന്നെ എന്നെ ഏല്പിച്ചു പോയ ഉമ്മയോട് ഞാന്‍ ചെയ്യേണ്ട കടമയാണ് നിന്നെ ഇമ്തിയാസില്‍ നിന്നും രക്ഷപെടുതുന്നത്..... ഇല്ല മോളെ.... നീ ഭയകണ്ടാ എല്ലാം കാണുന്ന ഇലാഹ് ഒരു വഴി തരാതിരിക്കില്ല”.
പെട്ടന്നു തന്നെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. കൊട്ടാരത്തിലെത്തുമ്പോള്‍ അക്ഷമയായി കാത്തിരിക്കുന്ന സുറുമിയെ കണ്ട് പരിചാരിക കളിയാക്കി
“കുമാരീ... ഇനി പറയ്‌, ആരാണ് ഈ കുമാരിയുടെ ഉള്ളം കീഴടക്കിയ കുമാരന്‍? അദ്ദേഹംആരുടെ മകനാണ്”.
പുഞ്ചിരിക്കുന്ന സുറുമി തന്റെ കയില്‍ കിടന്ന ഒരു സ്വര്‍ണ്ണ മോതിരം പരിചാരികക്ക് സമ്മാനിച്ചു. പിന്നീട് സുറുമി പറഞ്ഞ കഥകള്‍ ഓരോന്നായി കേട്ട ശേഷം പരിചാരിക ചോദിച്ചു
“അപ്പോള്‍ സിനുജയെ കുറിച്ച് ഒന്നും അറിയില്ലേ എവിടെയാണെന്നുപോലും..??”
“ഇല്ല തോഴീ ഇവിടെ നിന്നു പുറത്തു കടക്കണം എന്നിട്ട് വേണം എല്ലാം.....”

ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. കൊട്ടാരം മുഴുവന്‍ നിദ്രയിലാണ്. സുറുമിയും പരിചാരികയും വാ തോരാതെ സംസാരിച്ചു. അതിനിടയിലാണ് സുറുമി തന്റെ കഴുത്തിലെ വജ്ര മാലയെ കുറിച്ച് ചിന്തിച്ചത്. “ഞാന്‍ നാളെ എന്റെ പ്രിയനോടൊത്ത് ഇവിടം വിടുകയാണെങ്കില്‍ ഈ മാല നീ ഇമ്തിയാസിനു തിരിച്ചു കൊടുക്കണം. ഇത് ഇവിടെ നിന്നും കിട്ടിയതാണെന്ന് മാത്രം പറഞ്ഞു ഒഴിവാകുക. നിന്നെ നീതന്നെ കുരുക്കില്‍ പെടുത്താതിരിക്കുക”.
എല്ലാം അനുസരണയോടെ കേള്‍ക്കുമ്പോഴും സ്നേഹ നിധിയായ ഈ കുമാരിയെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പരിചാരികയുടെ മനസ്സ് കൊതിച്ചു.
“സമയം ഒരുപാട് നീങ്ങി. ഇപ്പോള്‍ പിതാവ് യാത്ര തുടങ്ങികാണും. വെളുക്കും മുമ്പേ പട്ടണത്തില്‍ എത്തേണ്ടതല്ലേ. കുമാരി ഉറങ്ങികോളൂ. സമയം ആവുമ്പോള്‍ ഞാന്‍ ഉണര്‍ത്താം..”
സമയം ഇഴഞ്ഞു നീങ്ങി. സുറുമി ഉറക്കത്തിന്റെ കറുത്ത പാടക്കുള്ളിലേക്ക് പതിയെ വീണുതുടങ്ങി. ഉറക്കത്തിലും കുമാരിയുടെ സൌന്ദര്യം കണ്ട പരിചാരിക ഇലാഹിന്‍ സ്തുതി പറഞ്ഞു. “മാഷാ അല്ലാഹ് ”

വീണ്ടും സമയം അറിയിച്ച് ക്ലോക്ക് കരഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന സുറുമി. പരിചാരിക പതിയെ എണീറ്റ് അന്തപുരത്തിന്റെ പിന്‍വാതില്‍ തുറന്നു. കാവലിരിക്കുന്ന ഭടനെ കണ്ട് പിന്തിരിഞ്ഞു. ഇനി എന്ത് ചെയ്യും. ഒരു പോം വഴിയുണ്ട്. അവള്‍ കൊട്ടാര മുറ്റത്തിന്റെ ഒരുമൂലയിലെക്ക് ഒന്നു രണ്ട് ഗ്ലാസുകള്‍ വലിച്ചെറിഞ്ഞു. ഉടച്ചു ശബ്ദം കേട്ട് ഭടന്മാര്‍ അങ്ങോട്ട്‌ ഓടി. വലിയ ശബ്ദമല്ലാത്തതിനാല്‍ ഉറക്കം പൂണ്ടവര്‍ ഒന്നും അറിഞ്ഞില്ല. എല്ലാവരും ശബ്ദം വന്ന ദിക്ക് പരിശോധിക്കുന്നതിനിടെ പരിചാരിക അന്തപുരത്തിന്റെ പിന്‍വാതിലിലുടെ പുറത്തു കടന്നു. നല്ല നിലാവ്. ചെടികള്‍ക്ക് മറവിലൂടെ വാതിലിന് അടുത്തെത്തി. കുളക്കടവിലേക്കുള്ള വാതിലായതിനാല്‍ ആരും സംശയിക്കില്ല. അവള്‍ പുറത്തു കടന്നു. നെഞ്ചിടിപ്പുകള്‍ പെരുമ്പറ പോലെ മുഴങ്ങുന്നു. ഭയം ശരീരം കീഴടക്കുന്നു.
എവിടെ പിതാവ്...? അവനെ കണ്ട് പിടിച്ചില്ലേ..? എന്റെ നാഥാ നീയാണ് തുണ. പ്രാര്‍ഥിച്ച് നാവെടുക്കും മുമ്പേ അടുത്ത് വന്ന കുതിര കുളമ്പടികള്‍ ശ്രദ്ധിച്ചു. അതെ കൂടെ പിതാവുണ്ട്. മനസ്സ് സന്തോഷം കൊണ്ട് തുള്ളി. കുമാരീ എന്ന് ഉറക്കെ വിളിക്കാന്‍ തോന്നി. അല്ല ആരും കേള്‍ക്കാനോ അറിയാനോ പാടില്ല. മനസ്സിനെ പിടിച്ചു വെച്ചു.

അവര്‍ അടുതെത്തി. കുമാരന്‍ താഴെ ഇറങ്ങി. നിലാവില്‍ വെട്ടി തിളങ്ങുന്ന മുഖം. എന്റെ കുമാരിക്ക് ചേര്‍ന്ന കുമാരന്‍. മനസ്സ് കൊണ്ട് ഇമ്തിയാസിനോട് പറഞ്ഞു “ഇല്ല ഇമ്തിയാസേ... ആ സൌന്ദര്യ ധൂമത്തെ കൊണ്ടുപോകാന്‍ അവളുടെ കുമാരന്‍ എത്തി കഴിഞ്ഞു”.
“ഹേയ്‌... എവിടെയാണ് അവള്‍..?”
ചോദ്യം കുമാരന്റേതാണ്. ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ പരിചാരിക പറഞ്ഞു
“ഇവിടെ നില്ക്കൂ..... ഞാന്‍ കുമാരിയെ ഉണര്‍ത്തി ഇങ്ങോട്ട് എത്തിക്കാം...”
കേട്ട പാടെ അവന്‍ എതിര്‍ത്തു.
“വേണ്ട ഉണര്‍ത്തേണ്ടാ ഞാന്‍ അവളുടെ അന്തപുരത്തില്‍ കടന്നോളാം”
“വേണ്ടാ... ഇമ്തിയാസെങ്ങാനും...”
“ഹേയ്‌ ഭയക്കാതിരിക്കൂ... വഴിയുണ്ട്. എന്താണെന്നല്ലേ....”
കുമാരന്‍ ചുണകുട്ടനായ തന്റെ കുതിരയെ കടിഞ്ഞാന്‍ ഉരി വിട്ടു. അവന്‍ കൊട്ടാരത്തിന്റെ ചുറ്റും ലക്ഷ്യമില്ലാതെ പതിയെ ഓടി. ഇത് കണ്ട ഭടന്മാര്‍ അല്‍ഭുതത്തോടെ തമ്മില്‍ നോക്കി. ഈ കുതിര ആരുടേത് ..?എങ്ങനെ ഇവിടെ വന്നു ..? ചോദ്യങ്ങള് ഒരുപാട്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് കുമാരന്‍ പിന്‍വാതിലിലൂടെ സുറുമിയുടെ അന്തപുരത്തിലെത്തി.

സ്വര്‍ണ്ണ നിറമുള്ള ശയ്യയില്‍ അരുമയോടെ മയങ്ങുന്ന തന്റെ പ്രാണ പ്രേയസിയെ കണ്ട കുമാരന് മനസ്സ് പിടിച്ചു നിര്‍ത്താന്‍ ആയില്ല. തന്റെ പ്രേമ ഭാജനത്തിന്റെ മൃദുലമായ കവിളുകളില്‍ അവന്‍ പതിയെ ചുണ്ടുകളമര്‍ത്തി. മോഹങ്ങളുടെ മണിപ്പിറാവുകള്‍ ചിറകു വിടര്‍ത്തി നിന്നു. പെട്ടന്നു തന്നെ സുറുമി കണ്ണുകള്‍ തിരുമ്മി. വിശ്വസിക്കാനാവാതെ അവള്‍ ചുറ്റും നോക്കി. അതെ എന്റെ കുക്കു തന്നെ.
“കുക്കൂ... എന്റെ പ്രിയനേ...”
സന്തോഷത്തിന്റേയും സങ്കടത്തിന്റേയും തിരകള്‍ ആഞ്ഞു വീശി. ഇരുകൈകളും കൊണ്ട് അവനെ വരിഞ്ഞു മുറുക്കി.
“എവിടെയായിരുന്നു നീ ഇതുവരെ. ഞാന്‍ ഇവിടെ തനിച്ച് ....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. സുരുമിയുടെ കവിളുകള്‍ ചുവന്നു. അധരങ്ങള്‍ തമ്മില്‍ കൈമാറുന്ന മധുരം നോക്കി നില്‍ക്കാനാവാതെ പരിചാരിക പിന്തിരിഞ്ഞ് നിന്നു. മോഹങ്ങളുടെ പറുദീസയില്‍ സ്വര്‍ണ്ണ നിറമുള്ള പൂമ്പാറ്റകള്‍ പാറിതുടങ്ങി. വിരിഞ്ഞ അവന്റെ മാറിലേക്ക്‌ അവള്‍ പതിയെ തല ചായ്ച്ചു. നിമിഷങ്ങളുടെ സ്വര്‍ഗം അനുഭവിക്കുമ്പോഴും കുക്കുവിന്റെ മനസ്സില്‍ പുറത്തു കടക്കാനുള്ള ചിന്തയുയര്‍ന്നു. അവന്‍ പരിചാരികയോട് യാത്ര പറയുമ്പോള്‍ സുറുമി അവന്റെ മാറിടത്തില്‍ അമര്‍ന്നു കെട്ടിപുണര്‍ന്ന അരയന്നങ്ങള്‍ പോലെ നിന്നു. അവര്‍ ഇംതിയാസിന്റെ കൊട്ടാരം വിട്ടു പോകും വഴിയിലും സുറുമി പരിചാരികയെ തിരിഞ്ഞു നോക്കി. ഇനിയും കാണുമെന്ന ഹൃദയത്തിന്റെ ഭാഷ അവര്‍ക്ക് തമ്മില്‍ ഉറപ്പു നല്‍കി. അവര്‍ ഇംതിയാസിന്റെ കൊട്ടാര അങ്കണം വിട്ട് യാത്രയായി. ദൂരേക്ക്... മരുഭുമിയിലൂടെ....!!

തുടരും

2010 നവംബർ 23, ചൊവ്വാഴ്ച

വീണ്ടുമൊരു രാത്രി

സുറുമി ഇന്ന് പതിവിലേറെ ചിന്താ നിമഗ്നയാണ്. കൊട്ടാരത്തിലെ ആരവങ്ങള്‍ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല.

മനസ്സ് മുഴുക്കെ അഫ്രീന്റെ മുഖം. പരിചാരികമാര്‍ ഭക്ഷണവുമായി എത്തി. “കഴിചോളൂ, ഇംതിയാസ് രാജന്‍ ഇന്ന് ദുരെ യാത്രക്ക് പോകുന്നു. അതിന് മുമ്പ് ഇങ്ങോട്ട് വരാതിരിക്കില്ല”. സുറുമിയുടെ കണ്ണുകള്‍ അഗ്നി ഗോളങ്ങള്‍ പോലെ ചുവന്നു. മനസ്സുകൊണ്ട് ഇംതിയാസിനെ ശപിച്ചു. വിശപ്പ്‌ സഹിക്കാന്‍ വയ്യ. സുറുമി ഭക്ഷണം അരികിലേക്ക് വെച്ച്‌ കഴിക്കാന്‍ തുടങ്ങി. ഇടയില്‍ തോഴികളില്‍ ഒരുവള്‍ അഴിഞ്ഞു കിടന്ന സുറുമിയുടെ മുടിയിഴകള്‍ മാടിയൊതുക്കി വെച്ച്‌ ചോദിച്ചു. “കുമാരി എവിടുന്നാ..?, എങ്ങനെ ഇവിടെ എത്തിപെട്ടു”. പതിഞ്ഞ ഒരു ചിരിയോടെ സുറുമി പറഞ്ഞു “അറിഞ്ഞാല്‍ നിനക്കെന്നെ സഹായിക്കാന്‍ ഒക്കുമോ...? ഇല്ലെങ്കില്‍ എന്തിന് ഞാന്‍ എന്റെ ഉള്ളു തുറക്കണം..?” ഇതുകേട്ട തോഴി ചോദിച്ചു. “സഹായിച്ചാല്‍ കുമാരി എനിക്കെന്തു ചെയ്യും”. പെട്ടെന്ന് തന്നെ സുറുമി അവളിലേക്ക്‌ അടുത്തിരുന്ന് “പറയൂ നിനക്ക് എന്ത് വേണം... പറയൂ...”

“പ്രിയ കുമാരീ എനിക്കും വിവാഹ പ്രായം എത്തിയ ഒരു കുഞ്ഞനിയത്തിയുണ്ട്. അവള്‍ ഇടയ്‌ക്ക് എന്നെ കാണാന്‍ വരും. ഒരിക്കല്‍ അവളെയും ഇംതിയാസ് നോട്ടം വെച്ചു. ഇപ്പോള്‍ നാഴികക്ക് നാല്പതു വട്ടം അവളെ കുറിച്ചുള്ള വിവരാന്വേഷണം. ഞാന്‍ കുമാരിയെ ഇവിടുന്നു രക്ഷപെടുത്താം പകരം എനിക്കും പ്രത്യുപകാരം ചെയ്യണം” സുറുമിയുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. സുറുമി തോഴിയോടു പറഞ്ഞു “തീര്‍ച്ചയായും തോഴീ.. നീ എങ്ങനെ എന്നെ രക്ഷപ്പെടുത്തും. എനിക്ക് ഒരു രക്ഷകനും ഇവിടെയില്ല. ദൂരെ ഖൈറോ പട്ടണത്തിലെ എന്റെ പ്രിയനേ തേടി ഇറങ്ങിയതാണ്‌ ഞാന്‍, എന്‍റെ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എന്റെ കളികൂട്ടുകാരി സിനുജയും വേലക്കാരി ദില്‍സത്തും എനിക്ക് യാത്രയില്‍ നഷ്ട്ടമായി. ഇനി ഞാന്‍ എങ്ങോട്ട് പോകും”.
“കുമാരി പറയൂ... കുമാരിയുടെ മനസ്സ് കീഴടക്കിയ കുമാരന്റെ നാമം പറയൂ... ഞാന്‍ അന്വേഷിക്കാം. അദേഹത്തെ ഇവിടെ എത്തിക്കാം”. സുറുമി പൊടുന്നനെ ഭക്ഷണം നിര്‍ത്തി എണീറ്റ്‌ തോഴിയെ അരികില്‍ വിളിച്ചു അനുമോദിച്ചു. അവളുടെ ഓര്‍മകളില്‍ കുക്കുവിന്റെ മുഖം തെളിഞ്ഞു. നിലാവ് പോലും ആ മുഖത്തിന്‌ മുന്നില്‍ തോറ്റുപോകും എന്ന് അവള്‍ക്ക് തോന്നി.

ഓര്‍മകളുടെ താളുകള്‍ പതിയെ മറിഞ്ഞു. തന്നെ ഓര്‍ത്തിരിക്കുന്ന മാതാവും വഴിയില്‍ നഷ്ട്ടമായ സുറുമിയെ തിരയുന്ന സിനുജയും പരിചാരികയും പിതാവും എല്ലാമെല്ലാം കണ്ണു നനയിച്ചു. എങ്കിലും എന്റെ പ്രാണേശ്വരന്‍ ഖൈസിനെ(കുക്കു) തേടി പിടിച്ച് തന്നെ ഇവിടുന്ന് രക്ഷപെടുത്താമെന്നു പറഞ്ഞ സന്തോഷം ഇമകള്‍ക്ക് അനന്തമായി ഓര്‍മകളുടെ തീരങ്ങള്‍ വീണ്ടും പച്ചപ്പ്‌ പടരുന്നു. കുക്കൂ നീ എന്റെ അരികില്‍ എത്തുമെങ്കില്‍, ചോദ്യ ചിഹ്നമായി എന്റെ കന്യകാത്വം അന്ധാളിച്ചു നില്‍ക്കുന്നു. കാമവെറിയനായ ഇംതിയാസ് നീചമായ വലയെറിയും മുമ്പ് നീ എന്നെ ഇവിടുന്ന് പുറത്തു കൊണ്ടു പോയെങ്കില്‍, വയ്യ കുക്കൂ... എന്റെ പ്രണയത്തിന്റെ ആഴം നിനക്ക് മാത്രമേ അറിയൂ.... കൊഴിഞ്ഞു വീഴുന്ന രാത്രികളില്‍ അമ്പരത്തില്‍ വിരിയുന്ന നക്ഷത്ര പൂക്കള്‍ പോലും എന്നെ കളിയാക്കി. ഓര്‍മ്മകള്‍ കാടു കയറുന്നു.

ഇംതിയാസിന്റെ ചെരുപ്പടികള്‍ അടുത്ത് വന്നു. തോഴികള്‍ അന്തപുരം വിട്ടിറങ്ങി. കൈ കഴുകാനായ് പോകുന്ന സുറുമിയെ പിടിച്ചു നിര്‍ത്തി ഇംതിയാസ് പറഞ്ഞു “വേണ്ടാ.. പരിചാരികമാര്‍ താലത്തില്‍ വെള്ളവുമായ് വരും, ഇവിടെ ഇരുന്നോളൂ പ്രിയേ...” വാക്കുകളില്‍ ചേര്‍ന്ന വീഞ്ഞിന്റെ സുഖം തിരിച്ചറിഞ്ഞ സുറുമി ഇംതിയാസിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു “എന്റെ അമീര്‍ , അങ്ങ് ഇരിക്കൂ. അങ്ങയെ വിട്ട് ഞാന്‍ പോകില്ല ഭയക്കാതെ. എനിക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്” ഒരു നിമിഷം സുറുമി കഴുത്തിലെ വജ്ര മാലയില്‍ തലോടി എന്തോ ദ്രിഢനിശ്ചയം പോലെ പറഞ്ഞു “ഇല്ല അഫ്രീന്‍ നീ സുഖമായ് ഉറങ്ങുക. ലോകത്തിന് ശാപമായ് ഒന്നും നില നില്‍ക്കരുത്”.

ഓര്‍മകളെ തട്ടി തെറിപ്പിച്ച് ഇംതിയാസ് സുറുമിയുടെ അരികിലെത്തി അവളുടെ മുടിയിഴകളില്‍ പതുക്കെ കൈകള്‍ പായിച്ചു. ധീരയായ് അവള്‍ ഇംതിയാസിനെ പീഢത്തില്‍ ഇരുത്തി അരികില്‍ ചേര്‍ന്നിരുന്നു. കൊലക്കത്തിയുടെ മുര്‍ച്ചയോടെ സുറുമിയുടെ കണ്ണുകള്‍ അയാളില്‍ പതിച്ചു. “ഹേ ഇംതിയാസ്... കാമ വെറിയനായ നീ ഇലാഹിലേക്ക് കൈകള്‍ ഉയര്‍ത്തൂ... നിന്റെ നാഥന്‍ നിരോധിച്ച എന്തൊക്കെയോ അതൊക്കെ നീ ചെയ്‌ത് കൂട്ടി. ഇനിയും നിന്റെ കൈകള്‍ ശരീരത്തില്‍ ഇരിക്കാന്‍ പാടില്ല”. ഒരു നിമിഷം ഇംതിയാസ് ഭയന്നു, ആക്രോശിക്കുന്ന സുറുമിയെ ഇംതിയാസ് ഞെട്ടലോടെ നോക്കി. “എന്ത് പറ്റി ഹുറീ നിനക്ക്..? നീ ഉറങ്ങിയില്ലേ.. എന്തൊക്കെയാണ് പുലമ്പുന്നത്”. “ഇല്ല ഇംതിയാസ്..., നിന്നെ ഇന്നെന്റെ കയ്‌കള്‍ വരിഞ്ഞു മുറുക്കും. നിന്റെ ഹൃദയം നീചമാണ്. നീ ഇലാഹിന് പോലും വെറുക്കപെട്ടവനാണ്. നിന്നെ ഞാന്‍ നാഥനിലേക്ക് തിരിച്ചയക്കുന്നു”. ശബ്ദം അന്തപുരം വിട്ട് പുറത്തു കടന്നു. പരിചാരികരും മറ്റും ഓടിയടുത്തു. ഇംതിയാസ് ഭയത്തോടെ സുറുമിയെ തുറിച്ചു നോക്കി. തന്റെ ദൌത്യം ഇന്നത്തേക്ക് മതിയാക്കി സുറുമി തളര്‍ന്ന പോലെ നിലത്തേക്ക് വീണു.

ഭയന്ന ഇംതിയാസിനെ പരിചാരകര്‍ സമാധാനിപ്പിച്ചു. “എന്ത് പറ്റി അവള്‍ക്ക്. എന്ത് പറ്റി” ചോദ്യം തോഴിമാരിലേക്ക് വന്നു. “അറിയില്ല അമീര്‍. ഇന്ന് പകല്‍ മുഴുവന്‍ കുമാരി ചിന്തയിലാണ്”. വിവരം കൊട്ടാര വൈദ്യന്റെ ചെവിയില്‍ എത്തി “തല്‍കാലം വിശ്രമിക്കട്ടെ”. ഇമ്തിയാസിന് ഭയം വിട്ട് മാറിയില്ല. എങ്കിലും കൈവിട്ടു പോകുന്ന ദിന രാത്രങ്ങളെ ഓര്‍ത്ത് അയാള്‍ പരിഭവിച്ചു. വൈദ്യന്റെ മരുന്നുകള്‍ സുറുമിയില്‍ ഫലിച്ചില്ല. അവള്‍ കണ്ണുകളെ ഇറുകി അടച്ചു. അലസമായി കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് കാമവെറിയനായ കഴുകന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പതിഞ്ഞു. ഇംതിയാസിന്റെ മിഴികള്‍ പുറത്തേക്കു തള്ളി. അവന്‍ സ്വയം പറഞ്ഞു “ഇല്ല തരുണീമണീ.. ഞാന്‍ നിന്റെ മാദക സുഖന്ധം ആസ്വദിക്കാതെ....... ഇല്ലാ.... ഞാന്‍ നിന്നില്‍ എല്ലാം മറക്കുന്നു...” വീണ്ടുമൊരു രാത്രിയുടെ സ്വപ്നങ്ങളുമായ് ഇംതിയാസ് സുറുമിയുടെ കിടപ്പറ വിട്ട് നടന്നു.

തുടരും...

2010 നവംബർ 19, വെള്ളിയാഴ്‌ച

അഫ്രീന്റെ വജ്രമാല

പുലര്‍ച്ചെ തന്നെ ഇമാദ് ഇംതിയാസ് രാജന്‍ സുറുമിയുടെ വിവരാന്വേഷണം തുടങ്ങി. കൊട്ടാര പരിചാരികമാര്‍ പളുങ്ക് താലത്തില്‍ പാലും പഴങ്ങളും സുറുമിക്കരികില്‍ എത്തിച്ചു. ഉറക്ക ചടവുകള്‍ സുറുമിയുടെ കണ്ണുകളിലെ തിളക്കം അകറ്റി. ജാലകത്തിലുടെ പുറത്തേക്ക് നോക്കിയ സുറുമിയുടെ മനം വെമ്പല്‍ കൊണ്ടു. സൂര്യ കാമുകന്‍ പൂക്കളുടെ മുഖം മുത്തി ചുവപ്പിക്കുന്നു. കൂടെ ഒളിച്ചും പാത്തും തെന്നലും വന്നെത്തുന്നു. കിളികളും ചിത്ര ശലഭങ്ങളും. കൊട്ടാരത്തിലെ പുന്തോട്ടം നിറയെ പൂക്കളാണ്. കണ്ണിനു വിരുന്നിന്റെ അനുഭൂതി. എല്ലാം കണ്ടും കേട്ടും വയ്യ കുക്കൂ ഇനി ഇവിടുന്നു ഞാന്‍ എങ്ങനെ പുറത്ത് കടക്കും. ഇംതിയാസ് രാജന്റെ കയ്‌കളില്‍ പെടും മുമ്പ് ഇവിടുന്ന് പുറത്ത് കടക്കണം. ആരാണ് എന്നെ സഹായിക്കുക. ആലോചന പലവഴിക്കും നീണ്ടു. അവസാനം..... എന്റെ ഇലാഹീ... നീ കനിയുമെന്ന് ഞാന്‍ കരുതുന്നു. അനന്തമായ വിഹായസ്സിലേക്ക് കരങ്ങളുയര്‍ത്തിയ സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . അവള്‍ ജാലക കാഴ്ചകള്‍ വിട്ടകന്നു. വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ട്
സുറുമി അന്താളിച്ചു. ഇംതിയാസ് ആയിരിക്കുമോ..? യാ അല്ലാഹ്. ഭയം മനസ്സിനെ കീഴടക്കി. ഉടനെ വാതില്‍ തള്ളി തുറന്ന് ഇംതിയാസ് അകത്തു കടന്നു.

പ്രിയേ.. തരുണീ മണീ..
അവളുടെ വാടിയ മുഖം ഇംതിയാസിനെ വേദനിപ്പിച്ചു. എന്ത് പറ്റി നിനക്ക് കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. നിനക്കെന്റെ കൊട്ടാര സുഖങ്ങള്‍ തികയാതാകുന്നുവോ..? ഇത് കേട്ട സുറുമി അവസരം മുതലെടുത്തു. അതെ പ്രിയ രാജന്‍ ഞാന്‍ ഒരു അമീറിന്റെ മകളാണ് . വളരെ വിശേഷമായ കുടുംബം. ഞാന്‍ അവിടുത്തെ ഏക മകളാണ്.അവള്‍ പറയുന്നതെല്ലാം ഇംതിയാസ് അക്ഷമനായി കേട്ട് നിന്നു. എന്നിട്ട് പറഞ്ഞു.
ഹുറീ ഇല്ല നീ .... നീ ഇന്നുമുതല്‍ എന്‍റെ പ്രിയ പെട്ടവള്‍ ആയിരിക്കും. ഉം, നീ വല്ലതും കഴിക്കൂ എന്‍റെ കൂടെ..
തന്റെ തന്ത്രം ഫലവത്താകുന്നത് കണ്ട് സുറുമി ഉള്ളില്‍ പുഞ്ചിരിച്ചു. സുറുമിയുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ ഇംതിയാസിനെ കെട്ടി വരിഞ്ഞു മിഴികളില്‍ അനുരാഗത്തിന്‍റെ പാതി ഇറങ്ങിയ തിരശീല കണ്ട് രാജന്‍ അവളുടെ അടുക്കലേക്കു അണഞ്ഞിരുന്നു. വരൂ വല്ലതും കഴിക്കൂ നിന്‍റെ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. അവള്‍ വളരെ ദയനീയ ഭാവത്തില്‍ രാജനെ വിളിച്ചു.
ഹബീബി.. എന്‍റെ പ്രിയനേ.. കഴിക്കാന്‍ എനിക്കും കഠിനമായ വിശപ്പുണ്ട്. പക്ഷേ.. എന്റെ അയല്‍ രാജാവ് ഒമര്‍ഖാന്‍റെ പ്രിയ കുമാരന്‍ ഖൈസ് എന്ന കുക്കു, അവനെ കണ്ടു പിടിക്കാനാണ് ഞാന്‍ഇറങ്ങി തിരിച്ചത്. എന്റെ പിതാവിന്‍റെ കൂടെ യാത്ര പോയ ഖൈസ് (കുക്കു) പട്ടണത്തില്‍ നിന്നും മടങ്ങി വന്നില്ല. അന്ന് തോട്ട് ദേഷ്യം മൂത്ത ഒമര്‍ഖാന്‍ എന്‍റെ പിതാവിനെ തടവിലാക്കി. എന്നെ അദ്ദേഹം രാജ്ഞിയാക്കുമെന്നു ശഠിച്ചു. അവിടുന്നുള്ള രക്ഷപെടലായിരുന്നു എന്നെ എന്‍റെ ഈ പ്രിയ രാജന്‍റെ അടുത്ത് എത്തിച്ചത്. ഇനി ഖൈസ് (കുക്കു) അവനെ കണ്ടു പിടിക്കണം രാജന്‍. എന്നെ സഹായിക്കണം. അവനെ കണ്ടു പിടിച്ച് കൊട്ടാരത്തില്‍ എത്തിച്ചാല്‍ എന്റെ പിതാവിനെ അവര്‍ അവിടുന്നും മോചിപ്പിക്കും. അപ്പോള്‍ എന്റെ പിതാവ് തീര്‍ച്ചയായും എന്നെ നിങ്ങള്‍ക്ക് സമ്മാനിക്കും. സുറുമിയുടെ തന്ത്രം അറിയാത്ത പാവം ഇമാദ് ഇംതിയാസ് അവളുടെ അനുരാഗം തുളുമ്പുന്ന വാക്കുകളില്‍ അലിഞ്ഞു ഇല്ലാതായി. അയാളുടെ മനസിലേക്ക് മോഹങ്ങളുടെ തിരകള്‍ പ്രവഹിച്ചു തുടങ്ങി. സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. അതിന് കാപട്യത്തിന്‍റെ കൈപുള്ളത് ഇമാദ് ഇംതിയാസ് അറിഞ്ഞില്ല. അയാള്‍ സുറുമിയുടെ കണ്ണുനീര്‍ വിരലുകള്‍ കൊണ്ട് തട്ടിമാറ്റി. പ്രിയപ്പെട്ട ഹൂറി നിന്‍റെ മിഴികള്‍ നനയാതെ ഞാന്‍ നോക്കാം. നീ വല്ലതും കഴിച്ചാലും. ശേഷം നമുക്ക് ബജാറിലേക്ക് യാത്രയാകാം.. നീ വിഷമിക്കാതെ.. നിന്റെ കണ്ണിമകള്‍ നനയാതെ.. നീ ഇംതിയാസിന്‍റെ ഹുറിയാണ്. സുറുമി ഇംതിയാസിന്‍റെ ചാരെ അനുസരണയോടെ പതുങ്ങി നിന്നു. അയാളുടെ മോഹങ്ങള്‍ സുറുമിയുടെ മാദക മധുവൂറുന്ന അധരങ്ങളില്‍ പതിച്ചു. ഇമ വെട്ടാതെ അയാള്‍ അത് നോക്കി. സുറുമി തന്‍റെ ശരീര ഭംഗി കാണും വിധേ ഇംതിയാസിന്‍റെ മുന്നിലുടെ വരാന്തയിലേക്ക്‌ നടന്നു. പുറത്ത് തോഴിമാര്‍ കാത്തു നില്‍ക്കുന്നു.

അവര്‍ സുറുമിയെ കൂട്ടി കൊട്ടാര വളപ്പിലെ കുളത്തിലെത്തി. അവര്‍ ആകാംഷയോടെ സുറുമിയുടെ ശരീരത്തിലെ ആഭരണങ്ങളും മറ്റും ഓരോന്നായ്‌ നോക്കികൊണ്ടിരുന്നു. അപ്പോഴാണ്‌ കുട്ടത്തില്‍ ഒരുവള്‍ ഭയന്നു പറഞ്ഞത്.

ഇലാഹീ... ഈ കഴുത്തില്‍ കിടക്കുന്ന വജ്ര മാല അഫ്രീന്‍ കുമാരിയുടെ അല്ലെ...?
ഇത് കേട്ട് കുടെയുള്ള മറ്റെല്ലാവരും അത് ഉറ്റു നോക്കി. ഇത് കണ്ട സുറുമിയുടെ കണ്ണുകള്‍ ആകാംഷയോടെ അവരെ ഉറ്റുനോക്കി. അവള്‍ പറഞ്ഞു, ഇത് ഇന്നലെ ഇംതിയാസ് എനിക്ക് സമ്മാനിച്ചതാണ്‌. ആരാണ് ഈ അഫ്രീന്‍..? തോഴിമാര്‍ പറയാന്‍ മടിക്കുന്നു. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി. സുറുമി അവരുടെ പരുങ്ങല്‍ കണ്ട് അല്‍പം കട്ടിയില്‍ ചോദിച്ചു . കേട്ടില്ലേ ...?? ''ആരാണ് അഫ്രീന്‍ ..?''

എല്ലാവരും മുഖത്തോട് മുഖം നോക്കി. അവരില്‍ ഒരാള്‍ ഭയമില്ലാതെ പറഞ്ഞുതുടങ്ങി. പ്രിയ കുമാരീ.. അഫ്രീന്‍ സുന്ദരിയായിരുന്നു. അവരെ ഇവിടെ ഇംതിയാസ് രാജന് കൊണ്ടു വന്നു കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു. അവള്‍ വളര്‍ന്നു പ്രായപൂര്‍ത്തി എത്തിയ ശേഷം ഒരിക്കല്‍ ഇമാദ് ഇംതിയാസ് അവളുടെ കിടപ്പറയില്‍ ചെന്നു. ഭയന്ന കുമാരി ഇമ്തിയാസിന്‍റെ വിരലുകളില്‍ കടിച്ചുതുങ്ങി. ദേഷ്യം മുത്ത ഇംതിയാസ് അവളെ ചുവരിലേക്ക് തള്ളി തലയ്ക്കു ഏറ്റ ആഘാതം കാരണം അഫ്രീന്‍ മരണപെട്ടു. പിന്നീട് കുളക്കടവില്‍ കൊണ്ടുപോയി ഇംതിയാസ് ജഡം ഉപേക്ഷിച്ചു. കേട്ട് നിന്ന സുറുമിയുടെ നെഞ്ചിടിപ്പുകള്‍ ഒരു ഘോഷയാത്രപോലെ വര്‍ധിച്ചു. എന്നിട്ടും അവള്‍ ചോദിച്ചു, പിന്നെ എന്ത് സംഭവിച്ചു തോഴികളെ.. പറയൂ.....

ഇല്ല കുമാരീ... പിന്നീട് ഈ കുള വക്കില്‍ മറവു ചെയ്തു അവളുടെ കഴുത്തിലെ വജ്രമാലയാണ് കുമാരിക്ക് ഇംതിയാസ് സമ്മാനിച്ചത്‌. ഇത് കേട്ട സുറുമി ഭയന്നു വിറച്ചു. കഴുത്തില്‍ കിടന്ന വജ്രമാല കൈകൊണ്ടു പതിയെ തടവി. സുറുമിയുടെ ദേഷ്യം ഉറഞ്ഞു കുടി. ഒന്നും പുറത്ത് കാണിക്കാതെ മനസ്സില്‍ ദൃഡ നിശ്ചയമെടുത്ത് പറഞ്ഞു. അഫ്രീന്‍ നീ ചെയ്യാന്‍ തുനിഞ്ഞത് എന്നിലുടെ സംഭവിക്കും തീര്‍ച്ച...!! സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു . നിഷ്കളങ്കമായ പോലേ അഫ്രീന്റെ മുഖം സുറുമിയില്‍ നൊമ്പരങ്ങള്‍ സമ്മാനിച്ചു.

തുടരും

2010 നവംബർ 16, ചൊവ്വാഴ്ച

ഈദ്‌ മുബാറക്


ബലി പെരുന്നാള്‍ ദിനം.
"പ്രിയ കുക്കൂ ഇന്നിവിടെ ആഘോഷ തിമിര്‍പ്പുകളാണ്.
നിന്റെ ചാരെ എത്താന്‍ ഞാന്‍ കൊതിക്കുന്നു. പ്രണയാര്‍ദ്രമായ നിന്റെ ഈ ഈദ് സന്ദേശം
മനോഹരമായി. നിന്നെ തഴുകുന്നൊരു കുളിരുള്ള ഇളം കാറ്റായി ഞാന്‍ നിന്നരികിലെത്താം, പ്രണയ പുന്തോപ്പിലെ തേന്‍ നുകരാന്‍ കൊതിക്കുമൊരു വണ്ടുപോലെ. എന്റെ മോഹങ്ങളുടെ പട്ടികയില്‍ ആദ്യത്തെ വരികള്‍ നിന്റെ മുഖ ദര്‍ശനം ആയിരിക്കും. നീ എന്റെ മൌന പ്രണയമേ നിനക്കീ രൂപം നല്‍കിയ നാഥനാണ് സ്‌തുതി.
നീ..... എന്റെ സൌഭാഗ്യങ്ങളുടെ താഴ്വാരം. എന്റെ മോഹങ്ങളുടെ കടിഞ്ഞാണ്‍ വിള്ളുന്നു. നീ എന്നരികില്‍ എന്ന് പറന്നെത്തും പ്രിയ കുക്കൂ.. വാക്കുകളും നോക്കുകളും നിന്നിലേക്ക്‌, അതെ... എന്റെ മാത്രം.... കുക്കുവിലേക്ക്.
നീ എന്റേയാണ്, എന്റെ മാത്രം. മൌനം, തുടിപ്പുകള്‍, സ്വകാര്യത
എല്ലാം നീയാണ്. അതാണ്‌ എന്റെ സ്വര്‍ഗ്ഗവും. ഞാനാ സ്വര്‍ഗ നദിയില്‍ നീരാടും ജല കന്യകയും.
പ്രിയ കുക്കൂ നിനക്ക് എന്റേയും ഈദ്‌ ആശംസകള്‍...”

കുക്കൂന്റെ സ്വന്തം.... സുറുമി