2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

പ്രണയം


അനുരാഗം മോഹങ്ങളേ കീഴടക്കുന്ന നാള്‍ ഞാന്‍ ഓര്‍ക്കുകയാണ് കുക്കൂ. മഴ നനഞ്ഞ കുഞ്ഞു പുക്കളെ  പോലെ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്‍റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍, പ്രിയ കുക്കൂ പരന്നു കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകള്‍ ആകും.. മോഹങ്ങളുടെ മണിചെപ്പുകള്‍ വാതായനങ്ങള്‍ അടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. നീ എന്തിനാണ് ഭയന്നു പിന്മാറുന്നത്. നിമിഷങ്ങള്‍ സ്വര്‍ഗത്തിന്‍റെ കവാടം തുറക്കുമ്പോള്‍ നീ എന്തിന് എന്‍റെ പാഥേയം മുല്ലുവേളികളാല്‍ അടച്ചു പൂട്ടുന്നു. നിന്നില്‍ അനുരാഗത്തിന്‍റെ മധുവിന്‍ സുഗന്ധം ഉറവെടുക്കുന്നതറിയുന്നു ഞാന്‍. നീ എന്നെ അനന്തമായ് അതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ.
നീ ഒരുനിമിഷമെങ്കിലും പകലിന്‍റെ കണ്ണു പൊത്തിയെങ്കില്‍!!

കുക്കൂ നിനക്കായ്  സുറുമി   

2011, ജനുവരി 31, തിങ്കളാഴ്‌ച

മിസരിലെ കാറ്റ്

ദുര്‍ഘടമായ വഴികള്‍ താണ്ടി വീണ്ടും മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. സിനുജയെ കുറിച്ച് വിവരം ലഭിക്കാതെയുള്ള വിഷമം സുറുമിയുടെ മനസ്സ് വേദനിപ്പിച്ചു. കഷ്ട്ടതകള്‍ വിട്ട് മറാത്ത ദിനങ്ങളെ ഭയന്ന്‍ കൊണ്ട് സുറുമി കുക്കുവിനോട് പറഞ്ഞു.
“കുക്കൂ, നമുക്ക് തിരിച്ച് പോകാം”
അവര്‍ കൊട്ടാരത്തിലേക്ക് തിരിച്ചു.


സുറുമിയെ തിരഞ്ഞ് എല്ലാ ശ്രമങ്ങളും പാഴായി സിനുജയും വേലക്കാരിയും കൊട്ടാരത്തില്‍ മടങ്ങിയെത്തി. കുക്കു സുറുമിയെ കണ്ടുമുട്ടിയത് അറിയാതെ കൊട്ടാരം ഇപ്പോഴും വേദനയിലാണ്. വഴിയില്‍ നഷ്ട്ടമായ സുറുമിയുമായി പറന്നെത്തുന്ന കുക്കുവിന്റെ കുതിര കുളമ്പടികള്‍ കാതോര്‍ത്ത്

പ്രാര്‍ത്ഥനയോടെ കഴിയുന്ന മാതാപിതാക്കള്‍. അവര്‍ വളരെ ദയനീയതയിലാണ്. അന്വേഷിക്കാത്ത ഇടങ്ങളില്ല. തന്റെ മകളേയും കൊണ്ട് ഏത് കഠിനമായ വഴികളും കടന്ന് കുക്കു എത്തുമെന്ന പ്രതീക്ഷ മാത്രം.
“സുറുമി, എന്റെ മകള്‍. അവള്‍ ധൈര്യശാലിയാണ്”
ആ പിതാവ് തന്റെ മകളെ കുറിച്ച് വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു. കണ്ണുനീര്‍ തുള്ളികള്‍ കൈകള്‍ കൊണ്ട് തടഞ്ഞ് മാതാവ് പ്രാര്‍ഥിച്ചു
“ഇലാഹീ, എന്റെ മകളെ നീ കാത്ത് കോള്ളണേ..”

സ്വാന്ത്വനിപ്പിച്ച് മതാവിനരികില്‍ നില്‍ക്കുന്ന സിനുജയെ പരിചാരിക നീട്ടി വിളിച്ചു. പുറത്തേക്ക് എത്തി നോക്കിയ സിനുജയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി നിന്നു. ശബ്ദം പുറത്തേക്ക് വരാത്തപോലെ.. അവള്‍ സകല ധൈര്യവും പുറത്തെടുത്തു വിളിച്ച് പറഞ്ഞു.
“ഇലാഹീ നിനക്ക് സ്തുതി”
ഇത് കേട്ടതും മാതാവ് എന്തെന്നറിയാതെ പകച്ചു. സിനുജ സന്തോഷത്താല്‍ വീണ്ടും വിളിച്ചു പറഞ്ഞു.
സുറുമി, സുറുമി, അതെ മാതാവേ കുക്കു സുറുമിയേയും കൊണ്ട് വന്നിരിക്കുന്നു”
കേട്ടപാടെ കൊട്ടാര വാതില്‍ കടന്ന് മാതാപിതാക്കള്‍ പുറത്തെത്തി. കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍, കുക്കുവിന്റെ കൈപിടിച്ച് കുതിരപ്പുറത്ത്‌ നിന്നും താഴെ ഇറങ്ങുന്ന സുറുമിയെ കണ്ട് സന്തോഷത്താല്‍ അവിടം സമ്പൂര്‍ണ്ണമായി. സുറുമി മാതാപിതാക്കളുടെ അടുത്തെത്തി. സ്നേഹ വാത്സല്യം നിറഞ്ഞൊഴുകിയ മാതാവ് സുറുമിയുടെ നെറുകയില്‍ ചുംബിച്ചു. പിതാവിന്റെ കണ്ണുകള്‍ മേല്‍പോട്ട് ഉയര്‍ന്ന് ഇലാഹിനെ സ്തുതിച്ചു.


വീണ്ടും പ്രണയം നിറഞ്ഞ രാവുകളുമായി സുറുമിയും കുക്കുവും. അവര്‍ക്ക് കൂട്ടായി സിനുജയും.


...............(തുടര്‍കഥ ഇവിടെ അവസാനിച്ചു)...............


എന്നെ കുറിച്ച്.
ഞാന്‍ എഴുത്തിന്റെ മഹാ സാഗരം നീന്തി തുടിച്ച് തുടങ്ങുന്ന ഒരു ബ്ലോഗര്‍. നിങ്ങളില്‍ ഒരാള്‍. ബ്ലോഗ്‌ ലോകത്ത് ഒരുപാട് അനുഭവങ്ങള്‍ ചുമക്കേണ്ടി വന്നവള്‍. അതില്‍ നിന്നും ശക്തിയാര്‍ജ്ജിച്ച് ഗൌരവമായി എഴുത്തിനെ കീഴടക്കാന്‍ ശ്രമിക്കുന്നു.

ഈ ബ്ലോഗില്‍ ഞാന്‍ എഴുതുമ്പോള്‍ എന്‍റെ പ്രായവും രൂപവും മറന്നു പോകുന്നു. അതെ സുറുമി, അതെന്റെ ബ്ലോഗ്‌ നാമം മാത്രം.
വെത്യസ്തമായ രീതിയില്‍ എഴുതുകയും അതിന്റെ സന്തോഷം അറിയുകയും ചെയ്തു. ഇത് വരെ സുറുമിയായി എഴുതിയ ഞാന്‍ ആരാണെന്ന് വെളുപ്പെടുത്തുന്നത്‌ എന്റെ ഒരു കുഞ്ഞു സന്തോഷത്തിന് വേണ്ടി മാത്രം.
ഞാന്‍ മറ്റൊരാള്‍ ആണെന്നറിഞ്ഞാലും ഇനിയുള്ള നിങ്ങളുടെ ചോദ്യം എനിക്കറിയാവുന്നത് മാത്രം
- ആരാണ് ഈ കുക്കു?

സുര്യന്‍ ഭൂമിയെ പ്രണയിക്കുന്ന പോലെ...
നിശാഗന്ധി നിലാവിനെ സ്വപ്നം കാണും പോലെ....
മഴയെ പുല്‍കിയകലുന്ന മാരുതനെ പോലെ...
ഞാനും ഒരാളെ പ്രണയിക്കുന്നു. അതാണ്‌ കുക്കു.
സ്വപ്ന ങ്ങളിലൂടെ എനിക്ക് ലഭിച്ച എന്‍റെ കുക്കു.

സ്വപ്‌നങ്ങള്‍ ഒരു എഴുത്ത് കാരന്/കാരിക്ക് എന്നും നന്മയാണ്. സ്വപ്നങ്ങളും ഭാവനകളും അവരുടെ എഴുത്തുകള്‍ക്ക് മിഴിവേകും. കഥയ്ക്കും കഥാകാരനും/കാരിക്കും മതില്‍ കെട്ടുകളില്ല. വാനോളം ഉയരണം. അതിന് പരിശ്രമിക്കണം.

ഈ തുടര്‍കഥയുടെ എല്ലാ കാര്യങ്ങള്‍ക്കും എന്റെ കൂടെ നിന്ന അനിയന്‍ ഹാഷിമിനും, വായനയിലൂടെയും കമെന്റിലൂടേയും എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി.
സ്വന്തം പേരില്‍ മിഴിനീര്‍ എന്ന ബ്ലോഗ്‌ ഉള്ളതിനാല്‍ ഇതില്‍ എന്റെ യഥാര്‍ത്ത പേര് മറക്കേണ്ടി വന്നു. അതും ഈ കഥയുടെ മുഴുമിപ്പിക്കലിന് വേണ്ടി കാത്തിരുന്നു. എന്തായാലും ഇനി ഞാന്‍ പറയാം..

ഞാന്‍ സാബിറാ സിദ്ധീഖ്

ഇനിയും ഈ ബ്ലോഗില്‍ സുറുമിയായി തുടരും നിങ്ങളുടെ സഹകരണത്തോടെ....

2011, ജനുവരി 7, വെള്ളിയാഴ്‌ച

തന്ഹ തസ്നീം


കുതിരപ്പുറത്തിരുന്ന് തന്നെ തുറിച്ച് നോക്കുന്ന മുഖം മറച്ച രൂപം. ഇവര്‍ ആരാകും. ഭയന്ന സുറുമി ഇരുട്ട് മുറിയിലേക്ക് തന്നെ തിരിച്ച് കടന്നു.
‘കുക്കൂ നീ പെട്ടന്ന് ഇങ്ങെത്തിയെങ്കില്‍ ‘സുറുമിയുടെ മനം മന്ത്രിച്ചു .
അവള്‍ ഭയക്കുന്നത് കണ്ടാവാം അകത്തുള്ള സഹോദരി എഴുനേറ്റ് പുറത്തേക്ക് നോക്കി. സുന്ദരനായ കുതിരയുടെ മുകളില്‍ മോടിയോടെ ഇരിക്കുന്നത് തസ്നീം തന്നെ....
അല്ലാതെ ഈ കുടിലില്‍ എത്തി നോക്കാന്‍ ആരാണുള്ളത്.
“നിങ്ങളെ പോലെ വഴിയാത്രക്കാരും അക്രമികളും അല്ലാതെ ആരിവിടെ വരാന്‍. അവള്‍ തന്നെ... നിങ്ങള്‍ ആരെന്നറിയാതെ പരിഭവിച്ചാവും അവള്‍ താഴെ ഇറങ്ങാത്തത്”
തലയിലൂടെ ഒരു വലിയ മൂടുപടവും എടുത്തിട്ടവര്‍ കുഞ്ഞിനെ തോളത്ത് കിടത്തി പുറത്തേക്ക് നീട്ടി വിളിച്ചു.
“തസ്നീം.. ഇങ്ങോട്ട് വരാം. ഇവിടെ പുരുഷന്മാരായി ആരും ഇല്ല”
ഇത് കേട്ട അവള്‍ കുതിരപ്പുറത്ത്‌ നിന്നും ഇറങ്ങി ഭാരമുള്ള ഒരു തോല്‍ സഞ്ചിയും കയ്യിലെടുത്ത് കുടിലിലേക്ക് നടന്നടുത്തു.
തോല്‍ സഞ്ചി കുടിലിലെ സഹോദരിക്ക് നേരെ നീട്ടി പറഞ്ഞു
“അല്‍പം റൊട്ടിമാവും ഒട്ടക മാംസവും. ഇവ മാതാവ് തന്നയച്ചതാ.. ഇന്ന് പിതാവ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി. ഇവിടെ ഭയമാണെന്ന് തോന്നിയെങ്കില്‍ എന്റെ കൂടെ വീട്ടിലേക്ക് വരാനും പറഞ്ഞു”
സഹോദരിയുടെ തോളില്‍ കിടന്ന കുഞ്ഞിനെ അവള്‍ കയ്യിലെടുത്തു. എല്ലാം നോക്കി നില്‍ക്കുന്ന സുറുമിയോട് സലാം പറഞ്ഞ ശേഷം തസ്നീം സഹോദരിയോട്‌ ചോദിച്ചു.
“ഈ അതിഥി ആരാ..”
“അറിയില്ല തസ്നീം. ഇവര്‍ ദൂര യാത്രക്കാരാണ്. ആരെന്നോ എവിടുന്നെന്നോ എന്നൊന്നും അറിയില്ല. ഇത് കേട്ട സുറുമി തിടുക്കത്തോടെ പറഞ്ഞു
“ഹോ.. ഞാന്‍ സഹോദരിയോട്‌ പറഞ്ഞില്ല, എന്റെ തെറ്റ് തന്നെ. പക്ഷേ അതില്‍ പരം വിഷമതകള്‍ ആയിരുന്നു ഇവിടം. അതുകൊണ്ട് ഞാന്‍ പരയാന്‍ വിട്ടുപോയി. ഞങ്ങള്‍ അനേകം വിഷമങ്ങള്‍ സഹിച്ചാണ് ഇവ്വിടം വരെ എത്തിയത്. ഞങ്ങളെന്ന് പറഞ്ഞാല്‍ എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതന്‍ ഒമര്‍ഖാന്റെ മുത്ത മകന്‍ ഖൈസ് (കുക്കൂ). എന്റെ പ്രിയപെട്ടവനെ തേടി പുറപ്പെട്ട യാത്രയിലെ വിഷമതകള്‍ നിറഞ്ഞ കുറേ വഴികള്‍ പിന്നിട്ടു. ഇപ്പോ മടക്കയാത്രയിലാണ്. ഇവിടെ എത്തിയപ്പോള്‍ അതിലുപരി വേദനിച്ചു പോയി.
“കൂടെ ഉണ്ടെന്ന് പറഞ്ഞ അദ്ദെഹത്തെ ഇവിടെ കാണുന്നില്ലല്ലോ. അദ്ദേഹം എവിടെപ്പോയി”
“എന്റെ പ്രിയന്‍ അല്‍പ്പം വെള്ളത്തിനായി പുറത്ത് പോയിരിക്കയാണ്‌. അദ്ദേഹം തിരിച്ചെത്തിയാല്‍ ഞങ്ങള്‍ ഉടനെ മടങ്ങും”
“എന്നെ കണ്ട് നിങ്ങള്‍ ഭയക്കുന്നതായി തോന്നി”
“അതെ തസ്നീം, ഞാന്‍ നിങ്ങളുടെ വരവ് കണ്ട് ഭയന്നു. യാത്രക്കിടയില്‍ എന്നെ തടവിലാക്കിയ ദുഷ്ട്ടനായ രാജന്‍ ഇംതിയാസ് വല്ല ഭടന്മാരേയും ഇങ്ങോട്ട് അയച്ചതാകുമോ എന്ന് ഭയന്നു പോയി. യാ അല്ലാഹ്... നീ കാത്തു”

സുറുമി അതുവരെ നടന്ന കഥകളെല്ലാം അവരോട് വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ തസ്നീം ചോദിച്ചു
“നിങ്ങളുടെ കൂട്ടുകാരികളെ കുറിച്ച് വല്ല വിവരവും..”
“ഇല്ല തസ്നീം സഹോദര്യത്തിന്റെ നിറകുടമായിരുന്നു എന്റെ സിനുജ. എനിക്ക് താങ്ങും തണലുമായ എന്റെ പ്രിയ തോഴി”
പറഞ്ഞ് തീര്‍ന്നപ്പോഴേക്കും സുറുമിയുടെ കണ്ണുകള്‍ നിറഞ്ഞു. സുറുമിയുടെ കഷ്ട്ടത നിറഞ്ഞ യാത്രാ വിവരണം കേട്ട് വിഷമിച്ച തസ്നീം സുറുമിയെ സമാധാനിപ്പിച്ചു.
“കരയാതെ.. ഞാനും അവരെ തിരക്കാം..”
ഇത് കേട്ട സുറുമിക്ക് സന്തോഷം തോന്നി. അവള്‍ കണ്ണുകള്‍ തുടച്ച് കൊണ്ട് ചോദിച്ചു
”തസ്നീം നിങ്ങള്‍ ആരുരെ മകളാണ്...? ഇവര്‍ നിങ്ങളുടെ ആരായി വരും”
ഇത് കേട്ട് ചിരിച്ച് കൊണ്ട് തന്നെ തസ്നീം മുഖത്ത് നിന്നും മുഖം മൂടി പതിയെ അഴിച്ചെടുത്തു. സുറുമി ആ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കി. ഇല്ല എനിക്കറിയാവുന്നന്ന മുഖമല്ല. സൌന്ദര്യമുള്ള ഉരുണ്ട കണ്ണുകള്‍ അവളുടെ മുഖത്തിന്‍ പ്രകാശം പടര്‍ത്തി.
സുറുമി വീണ്ടും ചോദിച്ചു
“തസ്നീം, നിങ്ങള്‍ ഇവരുടെ ആരായി വരും”
“ഇല്ല സുറുമീ, ഞാന്‍ ഇവരുടെ ആരുമല്ല. എന്റെ പിതാവും ഇവരുടെ ഭര്‍ത്താവും ജേഷ്ട്ടാനിയന്മാരെ പോലെ ആയിരുന്നു. രണ്ടുപേരും ഒന്നിച്ചായിരുന്നു കച്ചവടത്തിനും മറ്റും പോയിരുന്നത്. ഒരിക്കലും മടുപ്പുളവാക്കാത്തതായിരുന്നു അവരുടെ ബന്ധം. പിതാവും മാതാവും ഇവിടുത്തെ സന്ദര്‍ഷകരായിരുന്നു. അങ്ങിനെയാണ് ഞാന്‍ ഇവരെ അറിയുന്നത്. ഇപ്പോള്‍ മാതാവിനല്പം തിരക്കായതിനാല്‍ ഞാന്‍ വന്ന് സാധനങ്ങള്‍ ഏല്പിക്കുന്നു എന്നുമാത്രം. അതിനു
ഇവിടുത്തെ വിധി ഇങ്ങനെയൊക്കെ ആയിപ്പോയി ഏങ്കിലും പിതാവിന് കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ നിര്‍ബന്തമാണ് ഇവരുടെ കുടിലിലും എന്തെങ്കിലും എത്തിക്കേണം എന്നുള്ളത് .എല്ലാ ആഴ്ചകളിലും ഞാന്‍ ഇവിടെ വരാറുണ്ട്.
“തസ്നീം, ഞാന്‍ അങ്ങയുടെ പിതാവിനെയോര്‍ത്ത് ബഹുമാനിക്കുന്നു. ആ നല്ലമനസ്സിന് അല്ലാഹു നന്മ വരുത്തട്ടെ... ഇവരെ കൂടി എങ്ങനെയാണ് നാട്ടില്‍ കൊണ്ടു പോകുക എന്ന് ആലോജിക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ തസ്നീമിന്റെ വരവോടെ എനിക്ക് സമാധാനമായി” ഇതുകേട്ട് തസ്നീം കുടിലിലെ സഹോദരിയെ നോക്കി. അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം കണ്ട് തസ്നീം പറഞ്ഞു.
“എല്ലാം ഇലാഹിന്റെ വിധിപോലെ വരട്ടെ”

പറഞ്ഞ് തീര്‍ന്നില്ല പുറത്ത് നിന്ന് കുക്കുവിന്റെ വിളി ഉയര്‍ന്നു
“സുറുമീ.... ഇതാ വെള്ളം”
സുറുമി പുറത്തേക്ക് എത്തിനോക്കുമ്പോള്‍ കുക്കു സ്തംഭിച്ച് നില്‍ക്കുന്നു.
“ആരുടേതാണ് ഈ കുതിര”
പുഞ്ചിരിച്ചു കൊണ്ട് സുറുമി തസ്നീം വന്നതും മറ്റും വിശദീകരിച്ചു. കുക്കുവിനും സന്തോഷമായി പാവപ്പെട്ട ഈ കുടുംബത്തെ സഹായിക്കാന്‍ ഒരാളെങ്കിലും ഉണ്ടല്ലോ ..
സുറുമി കുക്കുവില്‍ നിന്നും വെള്ള പാത്രവും കയ്യിലേന്തി അകത്ത് കടന്നു. അല്‍പം കുടിച്ചു ദാഹം തീരത്ത് സഹോദരിയെ ഏല്പിച്ചു. അല്‍പസമയം കൂടി സംസാരിച്ച ശേഷം കുക്കുവും സുറുമിയും അവിടം വിടാന്‍ തയ്യാറായി.

സിനുജയെയും മറ്റും കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കല്‍ കൂടി തസ്നീമിനോട് സുറുമി ഓര്‍മപ്പെടുത്തി. കൊട്ടാരത്തിലെ പേരും മട്ട് വിവരവും എഴുതിയ താള്‍ അവള്‍ തസ്നീമിനെ ഏല്പിച്ചു. സുറുമി ഉടയാടകള്‍ അണിഞ്ഞ്‌ പോകാനൊരുങ്ങി. വീണ്ടും കാണുമെന്ന ഓര്‍മ പുതുക്കലോടെ അവള്‍ അകത്ത്‌ നിന്ന സഹോദരിയോടും തസ്നീമിനോടും യാത്ര പറഞ്ഞിറങ്ങി കുതിരക്കടുത്ത് നില്‍ക്കുന്ന കുക്കുവിന്റെ അരികിലേക്ക് നടന്നു. മരുഭൂമിയിലൂടെ അവരേയും വഹിച്ച് കുതിര നീങ്ങി

തുടരും......

2010, ഡിസംബർ 19, ഞായറാഴ്‌ച

ഇരുട്ട് നിറഞ്ഞ മുറി

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പുറത്ത് നിന്നും അരിച്ച് വരുന്ന വെളിച്ചം. വെളിച്ചത്തില്‍ വാടിയ മുഖവുമായ് സുന്ദരിയായൊരു സ്ത്രീ ഇരിക്കുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു പൈതല്‍ അവളുടെ മടിയില്‍ ഒന്നുമറിയാതെ മയങ്ങി കിടക്കുന്നു.
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ്‌ സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”

സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട്‌ മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ  എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.

ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ  നീയാണ് തുണ.

സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി  മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം.  ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.

അപ്പോഴാണ്‌ മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത്‌ കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്‌”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

സുറുമി അകത്ത്‌ നിന്ന് ഒരു പാത്രമെടുത്ത് കുക്കുവിന് നീട്ടി.
അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത്‌ കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്‌....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട്  പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു

2010, ഡിസംബർ 11, ശനിയാഴ്‌ച

മരുഭൂമിയിലൂടെ

സുറുമിയും സിനുജയും പരിചാരികയും കുക്കുവിനെ കാണാന്‍ പുറപ്പെട്ടത് മുതല്‍, കഷ്ട്ടതകളുടെ മുള്‍മുനകള്‍ താണ്ടിയ ഓരോ നിമിഷങ്ങളും, വഴിയില്‍ നഷ്ട്ടമായ സുറുമി യുടേയും കഥകള്‍ കേട്ട ഹംസത്തിനും ഭാര്യക്കും കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട സുറുമി പറഞ്ഞു.
"പ്രിയ സഹോദരീ.. നിങ്ങള്‍ പറഞ്ഞ ആ രണ്ടു സ്ത്രീകള്‍ എന്റെ സിനുജയും പരിചാരികയും ആയിരിക്കാന്‍ വഴിയുണ്ട്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് വല്ല നിശ്ചയവും ഉണ്ടോ"
“ഇല്ല. ഇവിടുന്ന് ഇറങ്ങുമ്പോള്‍ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. പക്ഷേ അവര്‍ സുറുമിയില്ലാതെ തിരിച്ചു പോകില്ല എന്നുറപ്പാണ്. പിന്നെ ഇവിടെ വന്നവര്‍ അവര്‍ തന്നെയാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഉണ്ട്. അവര്‍ ഉമ്മയുടെ കൈകളില്‍ അണിഞ്ഞ ഒരു മോതിരം. അത് നോക്കി തിരിച്ചറിയുമെങ്കില്‍ ന്നന്നായേനേ.."
ഇത് കേട്ടതും സുറുമി അകത്തേക്ക് പോയി. ഉമ്മയുടെ കൈകളില്‍ കിടന്ന മോതിരം പരതി. ഇത് കണ്ട ഉമ്മ പറഞ്ഞു
“മോളെ സുറുമീ... അതെന്റെ വിരലില്‍ അല്ല. എന്റെ തലയിണയുടെ അടിയില്‍ ഉണ്ട്".
സുറുമി തലയിണക്കടിയില്‍ നിന്നും മോതിരം കണ്ടെടുത്തു. അവളുടെ കണ്ണുകളില്‍ പ്രകാശം പരന്നു. അവള്‍ അതുമായി കുക്കുവിന്റെ അരികിലേക്ക് ചെന്ന്  അത്ഭുതത്തോടെ പറഞ്ഞു
“കുക്കൂ... അതെ, ഇത് സിനുജയുടെ മോതിരം തന്നെയാ... ഇതൊരിക്കല്‍ എന്റെ മാതാവ് സിനുജക്ക് സമ്മാനിച്ചതാ. പാവം അവള്‍. അവര്‍ ഇവിടെ നിന്നും ഒരുപാട് ദൂരം അകലാനുള്ള സാധ്യത വളരെ കുറവാണ്. കുക്കൂ... നമുക്ക് വേഗം പുറപ്പെടാം.."
അവള്‍ മോതിരം ഹംസത്തിന്റെ ഭാര്യയെ തിരികെ ഏല്പിച്ചു. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു.

കുക്കുവിന് പിന്നാലെ നടക്കുമ്പോള്‍ സുറുമിയുടെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. സിനുജയുടേയും പരിചാരികയുടേയും ഓര്‍മകളില്‍ വേദനക്ക് അല്‍പം ആശ്വാസം തോന്നി. അവര്‍ രണ്ടു പേരും കുതിരപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. എങ്ങോട്ടെന്നില്ലാതെ..
യാത്രയില്‍ മുഴുവന്‍ സുറുമിയുടെ കണ്ണുകള്‍ പലയിടത്തേക്കും പരതികൊണ്ടിരുന്നു. വിജനതയുടെ ആഘാതതയില്‍ മനമലിഞ്ഞ് അവള്‍ ഇലാഹിനോട് പ്രാര്‍ഥിച്ചു. കുതിരക്കുളമ്പടികള്‍ മരുഭുമിയെ പിന്നിലേക്ക്‌ നീക്കി കൊണ്ടിരുന്നു.
വളരെ വളരെ ദുരം പിന്നോട്ടാക്കി അവരുടെ യാത്ര നീങ്ങി. വെയിലിന്റെ ശക്തമായ കാഠിന്യം യാത്രയില്‍ സുറുമിയെ തളര്‍ത്തി.
“കുക്കൂ... ഇവിടെയെങ്ങും ഒരു മനുഷ്യനേയും കാണുന്നില്ല. വല്ല വീടുകളും കണ്ടിരുന്നെങ്കില്‍.....
അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..... കുക്കൂ..."
“ഉം... നീ സമാധാനിക്ക്. വഴിയുണ്ട്".
“എന്തു ചെയ്യുമെന്നാ കുക്കൂ.."
“ഉം... നീ സമാധാനിക്കൂ... അല്‍പം ദൂരെ ഒരു വീടുണ്ട്. അവിടെ ഒരു പാവം സ്ത്രീയും. വഴിയോരത്തുള്ള വീടായതിനാല്‍ സിനുജയും മറ്റും അവിടെ താങ്ങാനും കുടുതല്‍ സാധ്യതയുണ്ട്". .
“അങ്ങിനെയെങ്കില്‍ നമ്മുടെ മടക്ക യാത്ര സന്തോഷം നിറഞ്ഞതാകും അല്ലെ കുക്കൂ..."
“ഉം... ദൈവാനുഗ്രഹം ഉണ്ടല്ലോ നമ്മുടെ കൂടെ. ഇത്രയും ദുര്‍ഘടമായ പ്രതി  സന്ധികള്‍ നേരിട്ട നിനക്ക് ഞാന്‍ അതൊന്നും ഓര്‍മ പ്പെടുത്തേണ്ട ആവശ്യം ഇല്ല".

വെയിലിന്റെ ശക്തില്‍ മണല്‍ തരികള്‍ പാറുന്നു. എങ്ങോക്കെയോ എത്താന്‍ പറന്ന് പോകുന്ന മരുപക്ഷികള്‍. കുക്കുവിന്റെ കുതിര കുതിച്ച് കൊണ്ടിരുന്നു. സുറുമിയുടെ തളര്‍ന്ന കണ്ണുകള്‍ കുക്കുവിന്റെ വെയില്‍ തട്ടി ചുവന്ന കവിള്‍ തടങ്ങളില്‍ പതിഞ്ഞു. അനുരാഗത്തിന്റെ തിരയടികള്‍ അവളുടെ മാര്‍ദവമുള്ള കൈകള്‍ അവന്റെ മാറിനെ പുണര്‍ന്നു.
ഇത് കണ്ടതും കുക്കു പറഞ്ഞു
“സുറുമീ.... നീ കുതിരപ്പുരത്താണ് ഇരിക്കുന്നത്. ഓര്‍മ വേണം. ഞാന്‍ നിന്റേത് മാത്രമാണ് നീ എന്തിനു ദൃതിവെക്കുന്നു പ്രിയേ..”
ഇതൊന്നും കേള്‍ക്കാതെ അവള്‍ കുക്കുവിന്റെ കൈകള്‍ക്കിക്കിടയിലുടെ അവനെ വരിഞ്ഞു.

കുക്കു പതിയെ കുതിരയുടെ കടിഞ്ഞാന്‍ ഇട്ടു.
“ഇറങ്ങ് സുറുമീ..”
“ഇല്ല ഞാന്‍ നിന്നെ ഒരുനിമിഷം പുല്‍കട്ടെ. എന്നിട്ട് മതി നമ്മുടെ തുടര്‍ന്നുള്ള യാത്ര. മോഹങ്ങള്‍ എന്നെ വിട്ടകലുന്നില്ല കുക്കൂ.. നീ എന്റെ കവിളുകളില്‍ നോക്കൂ.. അനുരാഗത്തിന്റെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നില്ലേ...”
വികാരമായ സുറുമിയുടെ കണ്ണുകളിലേക്കു നോക്കിയാ കുക്കുവിനു പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല അവന്‍ തന്റെ മാറില്‍ അടക്കി പിടിച്ച് അവളോട്‌ പറഞ്ഞു.
“പ്രിയേ.. ഞാനിതാ നിന്നിലേക്ക്‌ ലയിക്കുന്നു. നിന്റെ കണ്ണുകളില്‍ കാണുന്ന പ്രകാശം എന്നെ ഉന്മാദനാക്കുന്നു. നീ എന്നിലേക്ക്‌ അടുത്താലും”.
കുങ്കുമച്ചാറ് കലര്‍ന്ന കുക്കുവിന്റെ അധരങ്ങള്‍ സുറുമിയുടെ കവിളുകളില്‍ പതിച്ചു .    

സുറുമിയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഇത് കണ്ടതും കുക്കു വിളിച്ചു
“സുറുമീ... നമുക്ക് വേഗം അങ്ങെത്തണം”
“ഇല്ല കുക്കൂ... എനിക്കിനി ഒരടി പോലും നടക്കാന്‍ വയ്യ”.
എന്ത് ചെയ്യുമെന്നറിയാതെ ചുറ്റും നോക്കുന്ന കുക്കുവിനെ കണ്ട സുറുമി പുഞ്ചിരിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട കുക്കൂ.. ഞാന്‍ നടക്കാന്‍ ശ്രമിക്കാം”
കാലുകളുടെ വേദന വകവെക്കാതെ സുറുമി നടക്കുന്നത് കണ്ട കുക്കു അവളെ വാരിയെടുത്ത് ചുമലില്‍ കിടത്തി ദൃതിയില്‍ നടന്നു.
അല്‍പം കഴിഞ്ഞ് ഈന്തപ്പനയുടെ ഓലകൊണ്ട് മേഞ്ഞ ഒരു കുഞ്ഞ് കൂരയുടെ മുന്നിലെത്തി. കുക്കു നീട്ടി വിളിച്ചു. “ഹേയ്‌.... ആരുമില്ലേ ഇവിടെ.. ഞങ്ങള്‍ അല്‍പം ദൂരെ നിന്നും വരുന്നവരാ. അല്‍പ സമയം ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കാമോ...”
അകത്ത്‌ നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല. കുക്കു പതിയെ സുറുമിയെ താഴെ നിര്‍ത്തി പറഞ്ഞു.
“നീ അകത്ത് കയറി നോക്കൂ. ഇവിടെ മുമ്പൊരിക്കല്‍  ഞാന്‍ യാത്രാ വഴിയില്‍ കയറിയിട്ടുണ്ട്. ഒരു വയസ്സായ ഉമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്തായാലും നീ അകത്തേക്ക് കയറി നോക്കൂ..”
ഇതുകേട്ട സുറുമി ഭയത്തോടെയാണെങ്കിലും ഈന്ത പ്പനയോല മേഞ്ഞ ആ വീടിന്റെ അകത്തേക്ക് കടന്നു. മങ്ങിയ ഇരുട്ട് നിറഞ്ഞ വീടിന്റെ അകത്തളം ചുറ്റും കണ്ണോടിച്ചു.
“ആരും ഇല്ലേ ഇവിടെ.. ഹേയ്‌ വീട്ടുകാരേ ഒന്ന് വന്നാലും..”
ഇതൊന്നും കേട്ടിട്ടും ആളനക്കമില്ലെന്ന് കണ്ട സുറുമി അടഞ്ഞ് കിടന്ന മുറിയുടെ വാതില്‍ തള്ളി ത്തുറന്നു.
അടഞ്ഞ് കിടന്നിരുന്ന ഒരു മുറിയിലെ കാഴ്ച കണ്ട് സുറുമി അത്ഭുതത്തോടെ നോക്കി....

തുടരും...

2010, ഡിസംബർ 5, ഞായറാഴ്‌ച

സൈനുല്‍ ഹംസത്തിന്റെ വീട്ടിലേക്ക്

അനുരാഗം മോഹങ്ങളെ കീഴടക്കുന്നു കുക്കൂ. മഴ നനഞ്ഞൊരു കുഞ്ഞു പൂവിനെ പോല്‍ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍...!
പരന്ന് കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകളാകും. മോഹങ്ങളുടെ മണി ചെപ്പുകളിന്ന് വാതായനങ്ങളടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. ഞാന്‍ നിന്നില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ സുഗന്ധം വീശുന്നതറിയുന്നു. നീ എന്നെ അനന്തമായതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ...

ഒരുനിമിഷം സുറുമിയുടെ ചിന്തകള്‍ ചിറകുകള്‍ വീശി അമ്പരത്തില്‍ പറന്നകന്നു. അനുരാഗത്തിന്റെ ലഹരിയില്‍ മനസ്സ് കീഴടങ്ങുമ്പോഴും സുറുമിയുടെ കണ്ണുകളില്‍ സിനുജയുടെ മുഖം തെളിഞ്ഞു. രാവിലും പകലിലും കുട്ടിരുന്ന കുട്ടുകാരികള്‍. സുറുമിയുടെ നിശബ്ദമായ സങ്കടങ്ങള്‍ എന്നും സിനുജയുടെ സൊകാര്യ സങ്കേതങ്ങളായിരുന്നു. “പ്രിയപ്പെട്ട സിനുജാ...
നീ ഇന്നെവിടെയാണ്... അനന്തമായി ഒഴുകുന്ന നിന്റെ പുഞ്ചിരികള്‍ എന്റെ മനസ്സിനെ മുള്‍ കിരീടം അണിയിക്കുന്നു”.
യാത്രയുടെ മധ്യത്തിലും സുറുമി അശാന്തതയാണ്. അവള്‍ വാതോരാതെ സിനുജയെ കുറിച്ചും പരിചാരികയെ കുറിച്ചും പറഞ്ഞു തുടങ്ങി.
“ലക്ഷ്യമില്ലാത്ത ഈ യാത്ര എങ്ങോട്ടാണ് കുക്കൂ... ആദ്യം നമ്മള്‍ മാതാവിനെ കാണുന്നതാവും നല്ലത്”.
“ഉം.....”
സുറുമിയുടെ ദയനീയമായ ചോദ്യം കേട്ട് കുക്കുവിന്റെ മനസ്സ് തളര്‍ന്നു. അവന്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. പതിയെ നടന്നു വരുന്ന ഒരു കച്ചവടകാരി. അവളോട്‌ വഴിയെ കുറിച്ചും മറ്റുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ടു.
“വല്ലാതെ തളരുന്നു കുക്കൂ..... നമുക്ക് എവിടെയെങ്കിലും ഒന്ന് വിശ്രമിക്കാം..”
“അല്‍പം കഴിയട്ടെ. വല്ല തണല്‍ വൃക്ഷങ്ങളും കാണുമോ എന്ന് നോക്കട്ടെ”
പറഞ്ഞ് തീര്‍ന്നില്ല. ഒരു കൂട്ടം ഒലിവ് മരം അതിന് സമീപത്തായി ഒരു കൊച്ചു വീടും. ഈന്തപനകള്‍ കൊണ്ട് പണിത സുന്ദരമായ വീട്. കണ്ണിന്‍ അതീവ സന്തോഷം. ആള്‍പാര്‍പ്പുള്ള സ്ഥലം. ഇവിടെ ഇറങ്ങി വിശ്രമികാം.
“ഇവിടെ ആരെയെങ്കിലും കാണും. വാ...”

സുറുമിയുടെ കൈകളില്‍ പിടിച്ച് കുതിരപ്പുറത്ത് നിന്ന് കുക്കു താഴെ ഇറക്കി. കുതിരയെ ഒലിവ് മരത്തില്‍ തളച്ചു. അവര്‍ മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ അഭിമുഖമായി നടന്ന് വരുന്നു. പുതിയ രൂപ വേഷ വിധാനങ്ങള്‍. മുഖം കണ്ടിട്ട് പരിചയം പോലെ തോന്നുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അയാളും അറിയാമെന്നപോലെ ഇമവെട്ടാതെ നോക്കുന്നുണ്ട്.
“വാ നടക്കാം”
സുറുമി കുക്കുവിന്റെ കൈകളില്‍ പിടിച്ച് മുനോട്ട് നടന്നു. അയാള്‍ അടുത്തെത്തിയ ഉടനെ കുക്കു ചോദിച്ചു.
“ഹേയ്‌ കുട്ടുകാരാ.. ഇവിടെ ആള്‍ താമസം ഉണ്ടോ..?”
“ഉണ്ടല്ലോ അതെന്റെ വീടാണ്. അങ്ങോട്ട്‌ നടക്കാം. അതിന്‍ മുമ്പ് നിങ്ങള്‍ എവിടുന്നു വരുന്നു. ഞാന്‍ മുമ്പെങ്ങോ കണ്ട നല്ല പരിചയം തോന്നുന്നു”
തുടര്‍ന്ന് അയാള്‍ പറഞ്ഞു
“ഞാന്‍ സൈനുല്‍ ഹംസത്ത്. പ്രായമായ ഉമ്മയും ഭാര്യയും കുട്ടികളും ഉണ്ട്. ഇവിടെ പുരുഷനായി ഞാന്‍ മാത്രമേ ഉള്ളൂ. കുട്ടുകാരാ അങ്ങ് പ്രിയതമയെ അകത്തേക്ക് പറഞ്ഞു വിടൂ. ഭയം വേണ്ട..”
നിഷ്കളങ്കമായ മനുഷ്യന്‍ .അവരെ വീടിനുള്ളിലാക്കി ശേഷം കുക്കുവിനോട് പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ അല്പം കഴിഞ്ഞ് വരാം. അല്പം അകലെയാണ് ജോലിസ്ഥലം. ആമീറിനോട് മുഖം കാണിച്ച് തിരിച്ചു വരാം. ഹുക്കയുടെ (ഷീഷ) കച്ചവടം ആയതിനാല്‍ ആളുകള്‍ ഏതുനേരവും ഉണ്ടാവും. നിങ്ങള്‍ വിശ്രമിക്കൂ ഞാന്‍ ഉടനെ എത്തും”
ആ സ്നേഹിതന്‍ നടന്നകന്നു .

വീടിനുള്ളില്‍ കയറിയ സുറുമിയെ കുഞ്ഞുങ്ങള്‍ക്കും അദേഹത്തിന്റെ പ്രായമായ ഉമ്മാക്കും നല്ലോണം ബോധിച്ചു. വീട്ടുകാരി ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. സന്തോഷകരമായ ചെറിയ കുടുബം. അവിടുത്തെ കുട്ടികളുമായി സമയം നീങ്ങി. കുട്ടുകാരന്‍ ഹംസത്ത് തിരിച്ചെത്തി. കയ്യില്‍ വലിയൊരു പൊതിയും ഉണ്ട്. ഉപ്പ വരുന്നത് കണ്ട് കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പാഞ്ഞെത്തി. ഇതുകണ്ട കുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൊട്ടാരത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത നിഷ്കളങ്കമായ ജീവിതം. അദ്ദേഹം കുക്കുവിനെ വിളിച്ച് പുറത്തെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് സംസാരിച്ച് തുടങ്ങി.
“എന്റെ അമീര്‍ നല്ലവനാണ്. അതുകൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ പോകുന്നു. പിന്നെ ഇന്നലെ വരെ ഇവിടെ മറ്റ് രണ്ടു വഴിയാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളായിരുന്നു. എവിടെ നിന്നോ ആരെയോ തിരഞ്ഞു വന്നതാ അവര്‍. അവരുടെ സ്നേഹ നിധിയായ കുമാരി യാത്രകിടയില്‍ നഷ്ട്ടമായെന്ന് പറഞ്ഞു. വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിനം ഇവിടെ തങ്ങി അവര്‍ യാത്ര പറഞ്ഞു”
ഹംസത്ത് പറഞ്ഞു തീരും മുമ്പേ കുക്കു സുറുമിയെ വിളിച്ചു.
“സുറുമീ എന്റെ പ്രിയേ.. ”
“ദാ വരുന്നു”
അകത്ത് നിന്നും സുറുമിയുടെ പതിഞ്ഞ സ്വരം പുറത്തു വന്നു.
അകത്തേക്ക് കടക്കുന്ന വിരിയിട്ട വാതിലിന്റെ അടുത്ത് നിന്നും കുക്കു സുറുമിയോടു സംസാരിച്ചു.
“അവര്‍ ഇന്നലെയാണ്ഇവിടം വിട്ടത്. ഹംസത്ത് പറയുന്നത് കേട്ടപോള്‍ എനിക്കും അവര്‍ തന്നെയാകും എന്നൊരു തോന്നല്‍”
സുറുമി വീടിന് പുറത്തിറങ്ങി.
“കുക്കൂ.... നമുക്ക് വേഗം യാത്രയാകണം. എനിക്കവരെ കണ്ടെത്തണം. എന്റെ ഹൃദയം പൊട്ടുന്നു. അവര്‍ എന്നെ കാണാതെ എത്ര വേദനിക്കുന്നുണ്ടാകും”
ഇത് കേട്ട ഹംസത്തിന്റെ ഭാര്യ ചോദിച്ചു
“എന്താണ് നിങ്ങള്‍ ഭയക്കുന്നത്”
“പറഞ്ഞാലും”
ഹംസത്തില്‍ നിന്നും അതേ ചോദ്യം ഉയര്‍ന്നു.
കുക്കുവും സുറുമിയും മുഖത്തോട് മുഖംനോക്കി.
കക്കു പറഞ്ഞു
“കുട്ടുകാരാ... ഞാന്‍ പറയാം“
കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു.

തുടരും....

2010, നവംബർ 29, തിങ്കളാഴ്‌ച

നിലാവില്‍ നിന്നേയും തേടി....

ഇംതിയാസ് പുറത്ത് കടന്നതറിഞ്ഞ സുറുമി പതിയെ കണ്ണുകള്‍ തുറന്ന് അരികെ നില്‍ക്കുന്ന പരിചാരികയോട് ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു. “എല്ലാവരും പോയി കുമാരീ ഇനി പറഞ്ഞോളു”
സുറുമിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു “ഇലാഹീ..... ഇന്നത്തെ രാത്രിയും കഴിഞ്ഞു. നീയാണ് എന്റെ രക്ഷ....”
ഇതുകേട്ട പരിചാരിക വീണ്ടും ചോദിച്ചു “കുമാരീ അങ്ങേക്ക്‌ എവിടെയാണ് പോകേണ്ടത്.? പറഞ്ഞോളു ഞാന്‍ അതിനുള്ള വഴികള്‍ ഒരുക്കാം” ഇതുകേട്ട സുറുമി പരിചാരികയോട് പതുക്കെ പറയു എന്ന് ആഗ്യം കാണിച്ചു.

സുറുമി പതുക്കെ എഴുന്നേറ്റിരുന്നു. എന്റെ രോഗ ശമനത്തിന് വൈദ്യന്‍ പറഞ്ഞ മരുന്നുകള്‍ പറിക്കാനായി ആളുകള്‍ പോയിട്ടുണ്ട് . അവര്‍ ആരെങ്കിലും ഇങ്ങോട്ട് വന്നാല്‍.....!! “കുമാരി കിടന്നൊളൂ അവര്‍ മരുന്നുകള്‍ തന്നു പോയ ശേഷം സംസാരിക്കാം” പറഞ്ഞ് തീര്‍ന്നില്ല. ഒരു ഭൃത്യന്‍ കയ്‌കള്‍ നിറയെ എന്തോ മരുന്നുമായി എത്തി. പുറത്തുനിന്നും വിളിച്ച്, വാതില്‍ക്കല്‍ എത്തിയ പരിചാരികയെ ഏല്പിച്ച് അയാള്‍ പോയി. സുറുമി ചിന്തയുടെ മേഘങ്ങള്‍ വകഞ്ഞു മാറ്റി പരിചാരികയെ അടുത്ത് വിളിച്ചു. “നീ എങ്ങനെ പട്ടണത്തില്‍ പോകും ഇവിടം വിടാന്‍ നിന്നെ ഇംതിയാസ് സമ്മതിക്കുമോ”
“അതിന് വഴിയുണ്ട് കുമാരീ”
എന്റെ പിതാവ് ഒരു ചെറിയ കച്ചവടകാരനാണ്. മധുര പലഹാരങ്ങള്‍ വില്പന നടത്തിയാണ് പിതാവ് ഞങ്ങളുടെ കുടുംബം നോക്കുന്നത്. പിന്നെ എന്റെ ഈ ജോലിയും. അദ്ദേഹത്തോട് കാര്യം പറഞ്ഞാല്‍ കുമാരിയുടെ പ്രിയപെട്ടവനെ കണ്ടെത്താന്‍ കഴിയും. സുറുമിയുടെ ശരീരം കുളിരണിഞ്ഞപോലെ, അവള്‍ പതിയെ ശരീരം പുതപ്പിട്ടു മുടി. പരിചാരിക വീണ്ടും വിളിച്ചു
“കുമാരീ വേഗം പറഞ്ഞോളു ആ പ്രനേശ്വരന്റെ നാമം”.
ചുവന്നു തുടുത്ത സുറുമിയുടെ ചുണ്ടുകളില്‍ തന്റെ കുക്കുവിന്റെ നാമം അനുരാഗത്തിന്റെ പൂമ്പോടികള്‍ പോലെ കൊഴിഞ്ഞു വീണു. മനസ്സും ശരീരവും ആവേശഭരിതമാവുന്നു. അവള്‍ പരിചാരികയെ വിളിച്ച് തന്റെ പ്രിയന്റെ നാമവും സ്ഥലവും എല്ലാം കുറിച്ച് ഒരു പേപ്പര്‍ അവള്‍ക്കു നീട്ടി. കയ്യില്‍ പേപ്പര്‍ കിട്ടിയതും പരിചാരിക ഉടുപ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചു. ശേഷം ഞാന്‍ ഉടനെ വരാം എന്നും പറഞ്ഞു പരിചാരിക പുറത്തിറങ്ങി. പിതാവിനെ കാണാന്‍ എന്ന് പറഞ്ഞ് രാത്രിയും പകലും അവള്‍ പുറത്തിറങ്ങാറുള്ളത് കാരണം ആര്‍ക്കും സംശയം വന്നില്ല. കൂടെ ഒരു ഭൃത്യനും ഉണ്ടായിരുന്നു. അവള്‍ ദൃതിയില്‍ നടന്നു. കൊട്ടാരത്തിന് അധികം ദുരമില്ലാത്ത തന്റെ കുടിലില്‍ എത്തുമ്പോള്‍ ഓടിയെത്തിയ അനിയത്തിയെ കെട്ടിപിടിച്ച് പറഞ്ഞു
“വെക്കം വാ.... പിതാവ് എവിടെ പോയി?”
പുറത്ത് നില്‍ക്കുന്ന കാവല്‍ ഭടനോടു ഇരിക്കാന്‍ ചുണ്ടി കാണിച്ച് അവള്‍ അകത്ത്‌ കടന്നു. പിതാവിനെ കണ്ട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
“പുലരും മുമ്പ് അങ്ങ് കുമാരനെയും കുട്ടി കൊട്ടാരത്തിന്റെ പിന്‍വാതിലില്‍ എത്തണം. ഞാന്‍ അവിടെ ഉണ്ടാകും. ബാക്കി എല്ലാം ഇലാഹിന്റെ കൈകളില്‍”
അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുകള്‍ നനയുന്ന അനിയത്തിയെ നോക്കി
“ഇല്ല നിന്നെ രക്ഷിക്കാനാ ഇതെല്ലാം. നിന്നെ എന്നെ ഏല്പിച്ചു പോയ ഉമ്മയോട് ഞാന്‍ ചെയ്യേണ്ട കടമയാണ് നിന്നെ ഇമ്തിയാസില്‍ നിന്നും രക്ഷപെടുതുന്നത്..... ഇല്ല മോളെ.... നീ ഭയകണ്ടാ എല്ലാം കാണുന്ന ഇലാഹ് ഒരു വഴി തരാതിരിക്കില്ല”.
പെട്ടന്നു തന്നെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. കൊട്ടാരത്തിലെത്തുമ്പോള്‍ അക്ഷമയായി കാത്തിരിക്കുന്ന സുറുമിയെ കണ്ട് പരിചാരിക കളിയാക്കി
“കുമാരീ... ഇനി പറയ്‌, ആരാണ് ഈ കുമാരിയുടെ ഉള്ളം കീഴടക്കിയ കുമാരന്‍? അദ്ദേഹംആരുടെ മകനാണ്”.
പുഞ്ചിരിക്കുന്ന സുറുമി തന്റെ കയില്‍ കിടന്ന ഒരു സ്വര്‍ണ്ണ മോതിരം പരിചാരികക്ക് സമ്മാനിച്ചു. പിന്നീട് സുറുമി പറഞ്ഞ കഥകള്‍ ഓരോന്നായി കേട്ട ശേഷം പരിചാരിക ചോദിച്ചു
“അപ്പോള്‍ സിനുജയെ കുറിച്ച് ഒന്നും അറിയില്ലേ എവിടെയാണെന്നുപോലും..??”
“ഇല്ല തോഴീ ഇവിടെ നിന്നു പുറത്തു കടക്കണം എന്നിട്ട് വേണം എല്ലാം.....”

ചുവര്‍ ക്ലോക്കില്‍ അലാറം മുഴങ്ങി. കൊട്ടാരം മുഴുവന്‍ നിദ്രയിലാണ്. സുറുമിയും പരിചാരികയും വാ തോരാതെ സംസാരിച്ചു. അതിനിടയിലാണ് സുറുമി തന്റെ കഴുത്തിലെ വജ്ര മാലയെ കുറിച്ച് ചിന്തിച്ചത്. “ഞാന്‍ നാളെ എന്റെ പ്രിയനോടൊത്ത് ഇവിടം വിടുകയാണെങ്കില്‍ ഈ മാല നീ ഇമ്തിയാസിനു തിരിച്ചു കൊടുക്കണം. ഇത് ഇവിടെ നിന്നും കിട്ടിയതാണെന്ന് മാത്രം പറഞ്ഞു ഒഴിവാകുക. നിന്നെ നീതന്നെ കുരുക്കില്‍ പെടുത്താതിരിക്കുക”.
എല്ലാം അനുസരണയോടെ കേള്‍ക്കുമ്പോഴും സ്നേഹ നിധിയായ ഈ കുമാരിയെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് പരിചാരികയുടെ മനസ്സ് കൊതിച്ചു.
“സമയം ഒരുപാട് നീങ്ങി. ഇപ്പോള്‍ പിതാവ് യാത്ര തുടങ്ങികാണും. വെളുക്കും മുമ്പേ പട്ടണത്തില്‍ എത്തേണ്ടതല്ലേ. കുമാരി ഉറങ്ങികോളൂ. സമയം ആവുമ്പോള്‍ ഞാന്‍ ഉണര്‍ത്താം..”
സമയം ഇഴഞ്ഞു നീങ്ങി. സുറുമി ഉറക്കത്തിന്റെ കറുത്ത പാടക്കുള്ളിലേക്ക് പതിയെ വീണുതുടങ്ങി. ഉറക്കത്തിലും കുമാരിയുടെ സൌന്ദര്യം കണ്ട പരിചാരിക ഇലാഹിന്‍ സ്തുതി പറഞ്ഞു. “മാഷാ അല്ലാഹ് ”

വീണ്ടും സമയം അറിയിച്ച് ക്ലോക്ക് കരഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന സുറുമി. പരിചാരിക പതിയെ എണീറ്റ് അന്തപുരത്തിന്റെ പിന്‍വാതില്‍ തുറന്നു. കാവലിരിക്കുന്ന ഭടനെ കണ്ട് പിന്തിരിഞ്ഞു. ഇനി എന്ത് ചെയ്യും. ഒരു പോം വഴിയുണ്ട്. അവള്‍ കൊട്ടാര മുറ്റത്തിന്റെ ഒരുമൂലയിലെക്ക് ഒന്നു രണ്ട് ഗ്ലാസുകള്‍ വലിച്ചെറിഞ്ഞു. ഉടച്ചു ശബ്ദം കേട്ട് ഭടന്മാര്‍ അങ്ങോട്ട്‌ ഓടി. വലിയ ശബ്ദമല്ലാത്തതിനാല്‍ ഉറക്കം പൂണ്ടവര്‍ ഒന്നും അറിഞ്ഞില്ല. എല്ലാവരും ശബ്ദം വന്ന ദിക്ക് പരിശോധിക്കുന്നതിനിടെ പരിചാരിക അന്തപുരത്തിന്റെ പിന്‍വാതിലിലുടെ പുറത്തു കടന്നു. നല്ല നിലാവ്. ചെടികള്‍ക്ക് മറവിലൂടെ വാതിലിന് അടുത്തെത്തി. കുളക്കടവിലേക്കുള്ള വാതിലായതിനാല്‍ ആരും സംശയിക്കില്ല. അവള്‍ പുറത്തു കടന്നു. നെഞ്ചിടിപ്പുകള്‍ പെരുമ്പറ പോലെ മുഴങ്ങുന്നു. ഭയം ശരീരം കീഴടക്കുന്നു.
എവിടെ പിതാവ്...? അവനെ കണ്ട് പിടിച്ചില്ലേ..? എന്റെ നാഥാ നീയാണ് തുണ. പ്രാര്‍ഥിച്ച് നാവെടുക്കും മുമ്പേ അടുത്ത് വന്ന കുതിര കുളമ്പടികള്‍ ശ്രദ്ധിച്ചു. അതെ കൂടെ പിതാവുണ്ട്. മനസ്സ് സന്തോഷം കൊണ്ട് തുള്ളി. കുമാരീ എന്ന് ഉറക്കെ വിളിക്കാന്‍ തോന്നി. അല്ല ആരും കേള്‍ക്കാനോ അറിയാനോ പാടില്ല. മനസ്സിനെ പിടിച്ചു വെച്ചു.

അവര്‍ അടുതെത്തി. കുമാരന്‍ താഴെ ഇറങ്ങി. നിലാവില്‍ വെട്ടി തിളങ്ങുന്ന മുഖം. എന്റെ കുമാരിക്ക് ചേര്‍ന്ന കുമാരന്‍. മനസ്സ് കൊണ്ട് ഇമ്തിയാസിനോട് പറഞ്ഞു “ഇല്ല ഇമ്തിയാസേ... ആ സൌന്ദര്യ ധൂമത്തെ കൊണ്ടുപോകാന്‍ അവളുടെ കുമാരന്‍ എത്തി കഴിഞ്ഞു”.
“ഹേയ്‌... എവിടെയാണ് അവള്‍..?”
ചോദ്യം കുമാരന്റേതാണ്. ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ പരിചാരിക പറഞ്ഞു
“ഇവിടെ നില്ക്കൂ..... ഞാന്‍ കുമാരിയെ ഉണര്‍ത്തി ഇങ്ങോട്ട് എത്തിക്കാം...”
കേട്ട പാടെ അവന്‍ എതിര്‍ത്തു.
“വേണ്ട ഉണര്‍ത്തേണ്ടാ ഞാന്‍ അവളുടെ അന്തപുരത്തില്‍ കടന്നോളാം”
“വേണ്ടാ... ഇമ്തിയാസെങ്ങാനും...”
“ഹേയ്‌ ഭയക്കാതിരിക്കൂ... വഴിയുണ്ട്. എന്താണെന്നല്ലേ....”
കുമാരന്‍ ചുണകുട്ടനായ തന്റെ കുതിരയെ കടിഞ്ഞാന്‍ ഉരി വിട്ടു. അവന്‍ കൊട്ടാരത്തിന്റെ ചുറ്റും ലക്ഷ്യമില്ലാതെ പതിയെ ഓടി. ഇത് കണ്ട ഭടന്മാര്‍ അല്‍ഭുതത്തോടെ തമ്മില്‍ നോക്കി. ഈ കുതിര ആരുടേത് ..?എങ്ങനെ ഇവിടെ വന്നു ..? ചോദ്യങ്ങള് ഒരുപാട്. എല്ലാവരുടെയും ശ്രദ്ധ തിരിച്ച് കുമാരന്‍ പിന്‍വാതിലിലൂടെ സുറുമിയുടെ അന്തപുരത്തിലെത്തി.

സ്വര്‍ണ്ണ നിറമുള്ള ശയ്യയില്‍ അരുമയോടെ മയങ്ങുന്ന തന്റെ പ്രാണ പ്രേയസിയെ കണ്ട കുമാരന് മനസ്സ് പിടിച്ചു നിര്‍ത്താന്‍ ആയില്ല. തന്റെ പ്രേമ ഭാജനത്തിന്റെ മൃദുലമായ കവിളുകളില്‍ അവന്‍ പതിയെ ചുണ്ടുകളമര്‍ത്തി. മോഹങ്ങളുടെ മണിപ്പിറാവുകള്‍ ചിറകു വിടര്‍ത്തി നിന്നു. പെട്ടന്നു തന്നെ സുറുമി കണ്ണുകള്‍ തിരുമ്മി. വിശ്വസിക്കാനാവാതെ അവള്‍ ചുറ്റും നോക്കി. അതെ എന്റെ കുക്കു തന്നെ.
“കുക്കൂ... എന്റെ പ്രിയനേ...”
സന്തോഷത്തിന്റേയും സങ്കടത്തിന്റേയും തിരകള്‍ ആഞ്ഞു വീശി. ഇരുകൈകളും കൊണ്ട് അവനെ വരിഞ്ഞു മുറുക്കി.
“എവിടെയായിരുന്നു നീ ഇതുവരെ. ഞാന്‍ ഇവിടെ തനിച്ച് ....”
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. സുരുമിയുടെ കവിളുകള്‍ ചുവന്നു. അധരങ്ങള്‍ തമ്മില്‍ കൈമാറുന്ന മധുരം നോക്കി നില്‍ക്കാനാവാതെ പരിചാരിക പിന്തിരിഞ്ഞ് നിന്നു. മോഹങ്ങളുടെ പറുദീസയില്‍ സ്വര്‍ണ്ണ നിറമുള്ള പൂമ്പാറ്റകള്‍ പാറിതുടങ്ങി. വിരിഞ്ഞ അവന്റെ മാറിലേക്ക്‌ അവള്‍ പതിയെ തല ചായ്ച്ചു. നിമിഷങ്ങളുടെ സ്വര്‍ഗം അനുഭവിക്കുമ്പോഴും കുക്കുവിന്റെ മനസ്സില്‍ പുറത്തു കടക്കാനുള്ള ചിന്തയുയര്‍ന്നു. അവന്‍ പരിചാരികയോട് യാത്ര പറയുമ്പോള്‍ സുറുമി അവന്റെ മാറിടത്തില്‍ അമര്‍ന്നു കെട്ടിപുണര്‍ന്ന അരയന്നങ്ങള്‍ പോലെ നിന്നു. അവര്‍ ഇംതിയാസിന്റെ കൊട്ടാരം വിട്ടു പോകും വഴിയിലും സുറുമി പരിചാരികയെ തിരിഞ്ഞു നോക്കി. ഇനിയും കാണുമെന്ന ഹൃദയത്തിന്റെ ഭാഷ അവര്‍ക്ക് തമ്മില്‍ ഉറപ്പു നല്‍കി. അവര്‍ ഇംതിയാസിന്റെ കൊട്ടാര അങ്കണം വിട്ട് യാത്രയായി. ദൂരേക്ക്... മരുഭുമിയിലൂടെ....!!

തുടരും