2010, ഡിസംബർ 19, ഞായറാഴ്‌ച

ഇരുട്ട് നിറഞ്ഞ മുറി

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പുറത്ത് നിന്നും അരിച്ച് വരുന്ന വെളിച്ചം. വെളിച്ചത്തില്‍ വാടിയ മുഖവുമായ് സുന്ദരിയായൊരു സ്ത്രീ ഇരിക്കുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു പൈതല്‍ അവളുടെ മടിയില്‍ ഒന്നുമറിയാതെ മയങ്ങി കിടക്കുന്നു.
സുറുമി തുറന്ന വാതിലിലൂടെ അവരുടെ അടുത്തെത്തി വിളിച്ചു
“ഹേയ്‌ സഹോദരീ... നിങ്ങള്‍ ഇവിടെ തനിച്ചാണോ..?”
ചോദ്യം കേട്ട സ്ത്രീ സ്വപ്നത്തില്‍ നിന്നെന്നോണം ഞെട്ടി എഴുനേറ്റു.
“ആരാണ്..... ആരാണ് നീ.... ഇനിയും എന്തിനാണ് നിങ്ങളൊക്കെ ഇവിടെ വന്നു കയറുന്നത്”.
ഇത് കേട്ടതും സുറുമി ചോദിച്ചു.
“ആരാണ് ഇവിടെ മുമ്പ് വന്നു കയറിയത്. എന്താണ് നിങ്ങള്‍ക്കും കുഞ്ഞിനും സംഭവിച്ചത്.. പറഞ്ഞാലും ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനല്ല”

സുറുമിയുടെ സാമീപ്യം അവര്‍ക്ക് പിടിച്ചെന്ന് തോന്നുന്നു. അവര്‍ പറഞ്ഞ് തുടങ്ങി.
“എവിടെ നിന്നോ ഒരു കുമാരി ഒളിച്ചോടിയെന്നും പറഞ്ഞ് ഒരു കൂട്ടം കുതിരക്കാര്‍ ഇവിടെയെല്ലാം തിരഞ്ഞ് നശിപ്പിച്ചതാ. വാതില്‍ തുറക്കാത്ത എന്നെ അവര്‍ തള്ളി താഴെയിട്ടു. അവരുടെ അതീവ സുന്ദരിയായ കുമാരിയെ കിട്ടാതെ രാജന്‍ അങ്ങോട്ട്‌ മടങ്ങി ചെല്ലാന്‍ സമ്മതിക്കില്ലാ  എന്നാണ് അവരുടെ വാദം. ഇത് വരെ ഇവിടെ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പോയികഴിഞ്ഞാണ് ഈ അനര്‍ത്ഥങ്ങള്‍.

ഇതുകേട്ട സുറുമിയുടെ മനസ്സ് പെരുമ്പറ പോലെ മുഴങ്ങി. അവള്‍ ഒരുനിമിഷം ഓര്‍ത്തു. ക്രൂരനായ രാജാവ് ഇംതിയാസിന്റെ ഭടന്മാര്‍ ആകുമോ അവര്‍. ഇലാഹീ  നീയാണ് തുണ.

സുറുമി സഹോദരിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി  മാറോട് ചേര്‍ത്തു. അവരോടു ചോദിച്ചു “ഇവന്റെ പിതാവ്..?”
അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഇല്ല, വിഷമിക്കേണ്ട. ഞാന്‍ ചോദിച്ചെന്ന് മാത്രം”
“ഇല്ല, ഞാന്‍ കരയില്ല. .എന്റെ കുഞ്ഞിന്റെ പിതാവിന്റെ ഉമ്മ പറയുമായിരുന്നു, ഇലാഹിന്റെ പരീക്ഷണങ്ങളില്‍ നീ വിജയിക്കണം.നിനക്ക് സ്വര്‍ഗം ഉണ്ടാകുമെന്ന്. എനിക്ക് ഭയമോ ദുഖമോ ഇല്ല. ഞാന്‍ ഏകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് ഉമ്മ മരിക്കുമ്പോള്‍ എന്റെ ഉദരം വിട്ട് വരാത്ത പോന്നുമോനോട് ഞാന്‍ മനസ്സുകൊണ്ട് പറഞ്ഞു നിന്നെ താലോലിക്കാനുള്ള ഉമ്മാമ ഇഹലോകം വിട്ടു. ഇനി നിന്നെ കാണാന്‍ ആ കണ്ണുകളില്ല. അന്ന് ഇവന്റെ പിതാവ് സമാധാനിപ്പിച്ചു അവന്‍ നിന്റെ ഉദരം വിട്ട് പുറത്ത് വന്നാല്‍ നമുക്ക് ബര്‍ക്കത്തുകള്‍ ഏറും പട്ടിണി നീങ്ങിപ്പോകും എന്നെല്ലാം.  ഇല്ല... ഇലാഹിന്റെ വിധികള്‍ അതിനും അപ്പുറത്തായിരുന്നു. പൊന്നുമോന്‍ ജനിച്ചു ഒരുമാസം തികഞ്ഞപ്പോള്‍.........”
വീണ്ടും ആ കണ്ണുകള്‍ കലങ്ങി. കണ്ണുനീര്‍ പുറത്ത് ചാടി തുടങ്ങി. ഇതുകണ്ട് സുറുമി അവരുടെ കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു
“വിഷമിക്കാതെ.. എല്ലാം കാണുന്നവന്‍ എന്തെങ്കിലും വഴികാണിക്കും”
“ഇല്ല കുട്ടീ... തിരിച്ച് വരുന്ന ലോകം വിട്ട് ഇവന്റെ പിതാവ് യാത്ര പറഞ്ഞ് ഇന്നേക്ക് പതിനഞ്ച് ദിവസമായി. അന്ന് മുതല്‍ ഞാന്‍ ഈ അകത്തളത്തിലാണ്. അതിനിടയിലാണ് അവരുടെ ആക്രമണം. വഴിയോരത്തെ വീടായതിനാല്‍ യാത്രക്കാര്‍ ഇവിടെ തങ്ങുക പതിവായിരുന്നു.

അപ്പോഴാണ്‌ മുമ്പ് വന്നു പോയ സ്ത്രീകളെ കുറിച്ച് സുറുമിക്ക് ഓര്‍മ വന്നത്. അവള്‍ ചോദിച്ചു
“ഇവിടെ തങ്ങിയ ആ സ്ത്രീകള്‍ പിന്നീട് എങ്ങോട്ട് പോയി എന്നറിയുമോ..”
“ഇല്ല.. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. അവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം പോലും ഇവിടെ ഇല്ലായിരുന്നു. അത് കണ്ടിട്ടാവാം അവര്‍ ഉടനെ മടങ്ങി”.
സുറുമി അവരെ സമാധാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കയ്യിലേല്‍പിച്ചു. പുറത്ത് നില്‍ക്കുന്ന കുക്കുവിനെ വിളിച്ചു
“കുക്കൂ..”
“ഉം..”
“നമുക്ക് മടക്കയാത്രയില്‍ ഇവരെ കൂടി കൂട്ടിയാലോ”
“എങ്ങിനേയാ സുറുമീ.. കുതിരപ്പുറത്ത്‌ കഴിയില്ല. നമുക്ക് വഴി കാണാം നീ വിഷമിക്കാതെ”
കുക്കു കുതിരപ്പുറത്തെ തോല്‍ സഞ്ചിയില്‍ നിന്നും എടുത്ത ഒരു പൊതി ഈത്തപ്പഴം അവള്‍ക്കു നേരെ നീട്ടി
“ഉം.. ഇത് അവര്‍ക്ക് കൊടുക്ക്‌”
“അതിനിവിടെ വെള്ളം പോലും ഇല്ല. ഇവിടെ ആരോ ഉപദ്രവിക്കാന്‍ വന്നു. ഇനി ആ ഇംതിയാസിന്റെ ഭടന്മാര്‍ വല്ലതും ആകുമോ കുക്കൂ..”
“ഹേയ്.. ഇല്ല.. നീ ഭയക്കാതിരിക്കു..”
“ഇല്ല. നീയുള്ളപ്പോള്‍ എനിക്കെന്തിന് ഭയം”
ഇത് കേട്ട് പുഞ്ചിരിക്കുന്ന കുക്കുവിന്റെ മുഖത്ത് നോക്കി അവള്‍ വീണ്ടും പറഞ്ഞു.
“നീ അല്‍പം വെള്ളം കിട്ടുമോ എന്ന് നോക്ക്. ഞാനൊരു പാത്രം തരാം”

സുറുമി അകത്ത്‌ നിന്ന് ഒരു പാത്രമെടുത്ത് കുക്കുവിന് നീട്ടി.
അവന്‍ അതുമായി വെള്ളം തേടി അടുത്തുള്ള കിണറിന് അടുത്തേക്ക് നടന്നു. സുറുമി തിരിഞ്ഞ് അകത്ത്‌ കയറും മുമ്പ് പിന്നില്‍ നിന്നും ഒരു വിളി
“ഹേയ്‌....കുമാരീ...”
ഞെട്ടി തിരിഞ്ഞ സുറുമിയുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
അവള്‍ ഒരു നിമിഷം
ഇലാഹിനോട്  പ്രാര്‍ത്ഥിച്ചു. ആ കണ്ണുകള്‍ നിറഞ്ഞ്
ശരീരം വിറയല്‍ കൊണ്ടു
“ഇലാഹീ ....നീയാണ് രക്ഷകന്‍. നീ മാത്രമാണ് രക്ഷിക്കുന്നവന്‍”. മനസ്സ് വീണ്ടു വീണ്ടും മന്ത്രിച്ചു

2010, ഡിസംബർ 11, ശനിയാഴ്‌ച

മരുഭൂമിയിലൂടെ

സുറുമിയും സിനുജയും പരിചാരികയും കുക്കുവിനെ കാണാന്‍ പുറപ്പെട്ടത് മുതല്‍, കഷ്ട്ടതകളുടെ മുള്‍മുനകള്‍ താണ്ടിയ ഓരോ നിമിഷങ്ങളും, വഴിയില്‍ നഷ്ട്ടമായ സുറുമി യുടേയും കഥകള്‍ കേട്ട ഹംസത്തിനും ഭാര്യക്കും കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട സുറുമി പറഞ്ഞു.
"പ്രിയ സഹോദരീ.. നിങ്ങള്‍ പറഞ്ഞ ആ രണ്ടു സ്ത്രീകള്‍ എന്റെ സിനുജയും പരിചാരികയും ആയിരിക്കാന്‍ വഴിയുണ്ട്. അവര്‍ എങ്ങോട്ടാണ് പോയതെന്ന് വല്ല നിശ്ചയവും ഉണ്ടോ"
“ഇല്ല. ഇവിടുന്ന് ഇറങ്ങുമ്പോള്‍ എങ്ങോട്ടാണെന്ന് പറഞ്ഞില്ല. പക്ഷേ അവര്‍ സുറുമിയില്ലാതെ തിരിച്ചു പോകില്ല എന്നുറപ്പാണ്. പിന്നെ ഇവിടെ വന്നവര്‍ അവര്‍ തന്നെയാണോ എന്നറിയാന്‍ ഒരു മാര്‍ഗവും ഉണ്ട്. അവര്‍ ഉമ്മയുടെ കൈകളില്‍ അണിഞ്ഞ ഒരു മോതിരം. അത് നോക്കി തിരിച്ചറിയുമെങ്കില്‍ ന്നന്നായേനേ.."
ഇത് കേട്ടതും സുറുമി അകത്തേക്ക് പോയി. ഉമ്മയുടെ കൈകളില്‍ കിടന്ന മോതിരം പരതി. ഇത് കണ്ട ഉമ്മ പറഞ്ഞു
“മോളെ സുറുമീ... അതെന്റെ വിരലില്‍ അല്ല. എന്റെ തലയിണയുടെ അടിയില്‍ ഉണ്ട്".
സുറുമി തലയിണക്കടിയില്‍ നിന്നും മോതിരം കണ്ടെടുത്തു. അവളുടെ കണ്ണുകളില്‍ പ്രകാശം പരന്നു. അവള്‍ അതുമായി കുക്കുവിന്റെ അരികിലേക്ക് ചെന്ന്  അത്ഭുതത്തോടെ പറഞ്ഞു
“കുക്കൂ... അതെ, ഇത് സിനുജയുടെ മോതിരം തന്നെയാ... ഇതൊരിക്കല്‍ എന്റെ മാതാവ് സിനുജക്ക് സമ്മാനിച്ചതാ. പാവം അവള്‍. അവര്‍ ഇവിടെ നിന്നും ഒരുപാട് ദൂരം അകലാനുള്ള സാധ്യത വളരെ കുറവാണ്. കുക്കൂ... നമുക്ക് വേഗം പുറപ്പെടാം.."
അവള്‍ മോതിരം ഹംസത്തിന്റെ ഭാര്യയെ തിരികെ ഏല്പിച്ചു. അവര്‍ അവിടെ നിന്നും യാത്ര പറഞ്ഞു.

കുക്കുവിന് പിന്നാലെ നടക്കുമ്പോള്‍ സുറുമിയുടെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. സിനുജയുടേയും പരിചാരികയുടേയും ഓര്‍മകളില്‍ വേദനക്ക് അല്‍പം ആശ്വാസം തോന്നി. അവര്‍ രണ്ടു പേരും കുതിരപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. എങ്ങോട്ടെന്നില്ലാതെ..
യാത്രയില്‍ മുഴുവന്‍ സുറുമിയുടെ കണ്ണുകള്‍ പലയിടത്തേക്കും പരതികൊണ്ടിരുന്നു. വിജനതയുടെ ആഘാതതയില്‍ മനമലിഞ്ഞ് അവള്‍ ഇലാഹിനോട് പ്രാര്‍ഥിച്ചു. കുതിരക്കുളമ്പടികള്‍ മരുഭുമിയെ പിന്നിലേക്ക്‌ നീക്കി കൊണ്ടിരുന്നു.
വളരെ വളരെ ദുരം പിന്നോട്ടാക്കി അവരുടെ യാത്ര നീങ്ങി. വെയിലിന്റെ ശക്തമായ കാഠിന്യം യാത്രയില്‍ സുറുമിയെ തളര്‍ത്തി.
“കുക്കൂ... ഇവിടെയെങ്ങും ഒരു മനുഷ്യനേയും കാണുന്നില്ല. വല്ല വീടുകളും കണ്ടിരുന്നെങ്കില്‍.....
അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..... കുക്കൂ..."
“ഉം... നീ സമാധാനിക്ക്. വഴിയുണ്ട്".
“എന്തു ചെയ്യുമെന്നാ കുക്കൂ.."
“ഉം... നീ സമാധാനിക്കൂ... അല്‍പം ദൂരെ ഒരു വീടുണ്ട്. അവിടെ ഒരു പാവം സ്ത്രീയും. വഴിയോരത്തുള്ള വീടായതിനാല്‍ സിനുജയും മറ്റും അവിടെ താങ്ങാനും കുടുതല്‍ സാധ്യതയുണ്ട്". .
“അങ്ങിനെയെങ്കില്‍ നമ്മുടെ മടക്ക യാത്ര സന്തോഷം നിറഞ്ഞതാകും അല്ലെ കുക്കൂ..."
“ഉം... ദൈവാനുഗ്രഹം ഉണ്ടല്ലോ നമ്മുടെ കൂടെ. ഇത്രയും ദുര്‍ഘടമായ പ്രതി  സന്ധികള്‍ നേരിട്ട നിനക്ക് ഞാന്‍ അതൊന്നും ഓര്‍മ പ്പെടുത്തേണ്ട ആവശ്യം ഇല്ല".

വെയിലിന്റെ ശക്തില്‍ മണല്‍ തരികള്‍ പാറുന്നു. എങ്ങോക്കെയോ എത്താന്‍ പറന്ന് പോകുന്ന മരുപക്ഷികള്‍. കുക്കുവിന്റെ കുതിര കുതിച്ച് കൊണ്ടിരുന്നു. സുറുമിയുടെ തളര്‍ന്ന കണ്ണുകള്‍ കുക്കുവിന്റെ വെയില്‍ തട്ടി ചുവന്ന കവിള്‍ തടങ്ങളില്‍ പതിഞ്ഞു. അനുരാഗത്തിന്റെ തിരയടികള്‍ അവളുടെ മാര്‍ദവമുള്ള കൈകള്‍ അവന്റെ മാറിനെ പുണര്‍ന്നു.
ഇത് കണ്ടതും കുക്കു പറഞ്ഞു
“സുറുമീ.... നീ കുതിരപ്പുരത്താണ് ഇരിക്കുന്നത്. ഓര്‍മ വേണം. ഞാന്‍ നിന്റേത് മാത്രമാണ് നീ എന്തിനു ദൃതിവെക്കുന്നു പ്രിയേ..”
ഇതൊന്നും കേള്‍ക്കാതെ അവള്‍ കുക്കുവിന്റെ കൈകള്‍ക്കിക്കിടയിലുടെ അവനെ വരിഞ്ഞു.

കുക്കു പതിയെ കുതിരയുടെ കടിഞ്ഞാന്‍ ഇട്ടു.
“ഇറങ്ങ് സുറുമീ..”
“ഇല്ല ഞാന്‍ നിന്നെ ഒരുനിമിഷം പുല്‍കട്ടെ. എന്നിട്ട് മതി നമ്മുടെ തുടര്‍ന്നുള്ള യാത്ര. മോഹങ്ങള്‍ എന്നെ വിട്ടകലുന്നില്ല കുക്കൂ.. നീ എന്റെ കവിളുകളില്‍ നോക്കൂ.. അനുരാഗത്തിന്റെ പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്നില്ലേ...”
വികാരമായ സുറുമിയുടെ കണ്ണുകളിലേക്കു നോക്കിയാ കുക്കുവിനു പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല അവന്‍ തന്റെ മാറില്‍ അടക്കി പിടിച്ച് അവളോട്‌ പറഞ്ഞു.
“പ്രിയേ.. ഞാനിതാ നിന്നിലേക്ക്‌ ലയിക്കുന്നു. നിന്റെ കണ്ണുകളില്‍ കാണുന്ന പ്രകാശം എന്നെ ഉന്മാദനാക്കുന്നു. നീ എന്നിലേക്ക്‌ അടുത്താലും”.
കുങ്കുമച്ചാറ് കലര്‍ന്ന കുക്കുവിന്റെ അധരങ്ങള്‍ സുറുമിയുടെ കവിളുകളില്‍ പതിച്ചു .    

സുറുമിയുടെ കണ്ണുകള്‍ പതിയെ അടഞ്ഞു. ഇത് കണ്ടതും കുക്കു വിളിച്ചു
“സുറുമീ... നമുക്ക് വേഗം അങ്ങെത്തണം”
“ഇല്ല കുക്കൂ... എനിക്കിനി ഒരടി പോലും നടക്കാന്‍ വയ്യ”.
എന്ത് ചെയ്യുമെന്നറിയാതെ ചുറ്റും നോക്കുന്ന കുക്കുവിനെ കണ്ട സുറുമി പുഞ്ചിരിച്ച് പറഞ്ഞു.
“വിഷമിക്കേണ്ട കുക്കൂ.. ഞാന്‍ നടക്കാന്‍ ശ്രമിക്കാം”
കാലുകളുടെ വേദന വകവെക്കാതെ സുറുമി നടക്കുന്നത് കണ്ട കുക്കു അവളെ വാരിയെടുത്ത് ചുമലില്‍ കിടത്തി ദൃതിയില്‍ നടന്നു.
അല്‍പം കഴിഞ്ഞ് ഈന്തപ്പനയുടെ ഓലകൊണ്ട് മേഞ്ഞ ഒരു കുഞ്ഞ് കൂരയുടെ മുന്നിലെത്തി. കുക്കു നീട്ടി വിളിച്ചു. “ഹേയ്‌.... ആരുമില്ലേ ഇവിടെ.. ഞങ്ങള്‍ അല്‍പം ദൂരെ നിന്നും വരുന്നവരാ. അല്‍പ സമയം ഇവിടെ വിശ്രമിക്കാന്‍ അനുവദിക്കാമോ...”
അകത്ത്‌ നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല. കുക്കു പതിയെ സുറുമിയെ താഴെ നിര്‍ത്തി പറഞ്ഞു.
“നീ അകത്ത് കയറി നോക്കൂ. ഇവിടെ മുമ്പൊരിക്കല്‍  ഞാന്‍ യാത്രാ വഴിയില്‍ കയറിയിട്ടുണ്ട്. ഒരു വയസ്സായ ഉമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്തായാലും നീ അകത്തേക്ക് കയറി നോക്കൂ..”
ഇതുകേട്ട സുറുമി ഭയത്തോടെയാണെങ്കിലും ഈന്ത പ്പനയോല മേഞ്ഞ ആ വീടിന്റെ അകത്തേക്ക് കടന്നു. മങ്ങിയ ഇരുട്ട് നിറഞ്ഞ വീടിന്റെ അകത്തളം ചുറ്റും കണ്ണോടിച്ചു.
“ആരും ഇല്ലേ ഇവിടെ.. ഹേയ്‌ വീട്ടുകാരേ ഒന്ന് വന്നാലും..”
ഇതൊന്നും കേട്ടിട്ടും ആളനക്കമില്ലെന്ന് കണ്ട സുറുമി അടഞ്ഞ് കിടന്ന മുറിയുടെ വാതില്‍ തള്ളി ത്തുറന്നു.
അടഞ്ഞ് കിടന്നിരുന്ന ഒരു മുറിയിലെ കാഴ്ച കണ്ട് സുറുമി അത്ഭുതത്തോടെ നോക്കി....

തുടരും...

2010, ഡിസംബർ 5, ഞായറാഴ്‌ച

സൈനുല്‍ ഹംസത്തിന്റെ വീട്ടിലേക്ക്

അനുരാഗം മോഹങ്ങളെ കീഴടക്കുന്നു കുക്കൂ. മഴ നനഞ്ഞൊരു കുഞ്ഞു പൂവിനെ പോല്‍ ഞാന്‍ നിന്നരികിലെത്തുമ്പോള്‍ നിന്റെ വിടര്‍ന്ന മാറിടം എനിക്ക് ശയ്യയാകുമെങ്കില്‍...!
പരന്ന് കിടക്കുന്ന അനന്തമായ വിഹായസ്സിലെ കുഞ്ഞു നക്ഷത്രങ്ങള്‍ മീട്ടുന്നത് നമ്മുടെ പ്രണയത്തിന്റെ ശീലുകളാകും. മോഹങ്ങളുടെ മണി ചെപ്പുകളിന്ന് വാതായനങ്ങളടക്കാതെ നമുക്കായ് കാത്തിരിക്കുന്നു. ഞാന്‍ നിന്നില്‍ അനുരാഗത്തിന്റെ നാമ്പുകള്‍ സുഗന്ധം വീശുന്നതറിയുന്നു. നീ എന്നെ അനന്തമായതില്‍ നീരാടാന്‍ അനുവദിച്ചാലും പ്രിയനേ...

ഒരുനിമിഷം സുറുമിയുടെ ചിന്തകള്‍ ചിറകുകള്‍ വീശി അമ്പരത്തില്‍ പറന്നകന്നു. അനുരാഗത്തിന്റെ ലഹരിയില്‍ മനസ്സ് കീഴടങ്ങുമ്പോഴും സുറുമിയുടെ കണ്ണുകളില്‍ സിനുജയുടെ മുഖം തെളിഞ്ഞു. രാവിലും പകലിലും കുട്ടിരുന്ന കുട്ടുകാരികള്‍. സുറുമിയുടെ നിശബ്ദമായ സങ്കടങ്ങള്‍ എന്നും സിനുജയുടെ സൊകാര്യ സങ്കേതങ്ങളായിരുന്നു. “പ്രിയപ്പെട്ട സിനുജാ...
നീ ഇന്നെവിടെയാണ്... അനന്തമായി ഒഴുകുന്ന നിന്റെ പുഞ്ചിരികള്‍ എന്റെ മനസ്സിനെ മുള്‍ കിരീടം അണിയിക്കുന്നു”.
യാത്രയുടെ മധ്യത്തിലും സുറുമി അശാന്തതയാണ്. അവള്‍ വാതോരാതെ സിനുജയെ കുറിച്ചും പരിചാരികയെ കുറിച്ചും പറഞ്ഞു തുടങ്ങി.
“ലക്ഷ്യമില്ലാത്ത ഈ യാത്ര എങ്ങോട്ടാണ് കുക്കൂ... ആദ്യം നമ്മള്‍ മാതാവിനെ കാണുന്നതാവും നല്ലത്”.
“ഉം.....”
സുറുമിയുടെ ദയനീയമായ ചോദ്യം കേട്ട് കുക്കുവിന്റെ മനസ്സ് തളര്‍ന്നു. അവന്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. പതിയെ നടന്നു വരുന്ന ഒരു കച്ചവടകാരി. അവളോട്‌ വഴിയെ കുറിച്ചും മറ്റുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞ് വീണ്ടും യാത്ര പുറപ്പെട്ടു.
“വല്ലാതെ തളരുന്നു കുക്കൂ..... നമുക്ക് എവിടെയെങ്കിലും ഒന്ന് വിശ്രമിക്കാം..”
“അല്‍പം കഴിയട്ടെ. വല്ല തണല്‍ വൃക്ഷങ്ങളും കാണുമോ എന്ന് നോക്കട്ടെ”
പറഞ്ഞ് തീര്‍ന്നില്ല. ഒരു കൂട്ടം ഒലിവ് മരം അതിന് സമീപത്തായി ഒരു കൊച്ചു വീടും. ഈന്തപനകള്‍ കൊണ്ട് പണിത സുന്ദരമായ വീട്. കണ്ണിന്‍ അതീവ സന്തോഷം. ആള്‍പാര്‍പ്പുള്ള സ്ഥലം. ഇവിടെ ഇറങ്ങി വിശ്രമികാം.
“ഇവിടെ ആരെയെങ്കിലും കാണും. വാ...”

സുറുമിയുടെ കൈകളില്‍ പിടിച്ച് കുതിരപ്പുറത്ത് നിന്ന് കുക്കു താഴെ ഇറക്കി. കുതിരയെ ഒലിവ് മരത്തില്‍ തളച്ചു. അവര്‍ മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ അഭിമുഖമായി നടന്ന് വരുന്നു. പുതിയ രൂപ വേഷ വിധാനങ്ങള്‍. മുഖം കണ്ടിട്ട് പരിചയം പോലെ തോന്നുന്നു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു. അയാളും അറിയാമെന്നപോലെ ഇമവെട്ടാതെ നോക്കുന്നുണ്ട്.
“വാ നടക്കാം”
സുറുമി കുക്കുവിന്റെ കൈകളില്‍ പിടിച്ച് മുനോട്ട് നടന്നു. അയാള്‍ അടുത്തെത്തിയ ഉടനെ കുക്കു ചോദിച്ചു.
“ഹേയ്‌ കുട്ടുകാരാ.. ഇവിടെ ആള്‍ താമസം ഉണ്ടോ..?”
“ഉണ്ടല്ലോ അതെന്റെ വീടാണ്. അങ്ങോട്ട്‌ നടക്കാം. അതിന്‍ മുമ്പ് നിങ്ങള്‍ എവിടുന്നു വരുന്നു. ഞാന്‍ മുമ്പെങ്ങോ കണ്ട നല്ല പരിചയം തോന്നുന്നു”
തുടര്‍ന്ന് അയാള്‍ പറഞ്ഞു
“ഞാന്‍ സൈനുല്‍ ഹംസത്ത്. പ്രായമായ ഉമ്മയും ഭാര്യയും കുട്ടികളും ഉണ്ട്. ഇവിടെ പുരുഷനായി ഞാന്‍ മാത്രമേ ഉള്ളൂ. കുട്ടുകാരാ അങ്ങ് പ്രിയതമയെ അകത്തേക്ക് പറഞ്ഞു വിടൂ. ഭയം വേണ്ട..”
നിഷ്കളങ്കമായ മനുഷ്യന്‍ .അവരെ വീടിനുള്ളിലാക്കി ശേഷം കുക്കുവിനോട് പറഞ്ഞു.
“നിങ്ങള്‍ ഇരിക്കൂ. ഞാന്‍ അല്പം കഴിഞ്ഞ് വരാം. അല്പം അകലെയാണ് ജോലിസ്ഥലം. ആമീറിനോട് മുഖം കാണിച്ച് തിരിച്ചു വരാം. ഹുക്കയുടെ (ഷീഷ) കച്ചവടം ആയതിനാല്‍ ആളുകള്‍ ഏതുനേരവും ഉണ്ടാവും. നിങ്ങള്‍ വിശ്രമിക്കൂ ഞാന്‍ ഉടനെ എത്തും”
ആ സ്നേഹിതന്‍ നടന്നകന്നു .

വീടിനുള്ളില്‍ കയറിയ സുറുമിയെ കുഞ്ഞുങ്ങള്‍ക്കും അദേഹത്തിന്റെ പ്രായമായ ഉമ്മാക്കും നല്ലോണം ബോധിച്ചു. വീട്ടുകാരി ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. സന്തോഷകരമായ ചെറിയ കുടുബം. അവിടുത്തെ കുട്ടികളുമായി സമയം നീങ്ങി. കുട്ടുകാരന്‍ ഹംസത്ത് തിരിച്ചെത്തി. കയ്യില്‍ വലിയൊരു പൊതിയും ഉണ്ട്. ഉപ്പ വരുന്നത് കണ്ട് കുട്ടികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പാഞ്ഞെത്തി. ഇതുകണ്ട കുക്കുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കൊട്ടാരത്തിന്റെ കെട്ടും മട്ടും ഇല്ലാത്ത നിഷ്കളങ്കമായ ജീവിതം. അദ്ദേഹം കുക്കുവിനെ വിളിച്ച് പുറത്തെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് സംസാരിച്ച് തുടങ്ങി.
“എന്റെ അമീര്‍ നല്ലവനാണ്. അതുകൊണ്ട് ജീവിതം ബുദ്ധിമുട്ടില്ലാതെ പോകുന്നു. പിന്നെ ഇന്നലെ വരെ ഇവിടെ മറ്റ് രണ്ടു വഴിയാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്ത്രീകളായിരുന്നു. എവിടെ നിന്നോ ആരെയോ തിരഞ്ഞു വന്നതാ അവര്‍. അവരുടെ സ്നേഹ നിധിയായ കുമാരി യാത്രകിടയില്‍ നഷ്ട്ടമായെന്ന് പറഞ്ഞു. വല്ലാതെ വിഷമത്തിലായിരുന്നു. ഒരു ദിനം ഇവിടെ തങ്ങി അവര്‍ യാത്ര പറഞ്ഞു”
ഹംസത്ത് പറഞ്ഞു തീരും മുമ്പേ കുക്കു സുറുമിയെ വിളിച്ചു.
“സുറുമീ എന്റെ പ്രിയേ.. ”
“ദാ വരുന്നു”
അകത്ത് നിന്നും സുറുമിയുടെ പതിഞ്ഞ സ്വരം പുറത്തു വന്നു.
അകത്തേക്ക് കടക്കുന്ന വിരിയിട്ട വാതിലിന്റെ അടുത്ത് നിന്നും കുക്കു സുറുമിയോടു സംസാരിച്ചു.
“അവര്‍ ഇന്നലെയാണ്ഇവിടം വിട്ടത്. ഹംസത്ത് പറയുന്നത് കേട്ടപോള്‍ എനിക്കും അവര്‍ തന്നെയാകും എന്നൊരു തോന്നല്‍”
സുറുമി വീടിന് പുറത്തിറങ്ങി.
“കുക്കൂ.... നമുക്ക് വേഗം യാത്രയാകണം. എനിക്കവരെ കണ്ടെത്തണം. എന്റെ ഹൃദയം പൊട്ടുന്നു. അവര്‍ എന്നെ കാണാതെ എത്ര വേദനിക്കുന്നുണ്ടാകും”
ഇത് കേട്ട ഹംസത്തിന്റെ ഭാര്യ ചോദിച്ചു
“എന്താണ് നിങ്ങള്‍ ഭയക്കുന്നത്”
“പറഞ്ഞാലും”
ഹംസത്തില്‍ നിന്നും അതേ ചോദ്യം ഉയര്‍ന്നു.
കുക്കുവും സുറുമിയും മുഖത്തോട് മുഖംനോക്കി.
കക്കു പറഞ്ഞു
“കുട്ടുകാരാ... ഞാന്‍ പറയാം“
കുക്കുവില്‍ നിന്ന് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഹംസത്തും ഭാര്യയും കാതോര്‍ത്ത് നിന്നു.

തുടരും....